ന്യൂഡൽഹി: ദേശീയ അവശ്യ മരുന്ന് വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത 137 ജനറിക്, ബയോസിമിലർ കാൻസർ മരുന്നുകളുടെ വില കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചു. 643 ബ്രാൻഡുകളിലായി എത്തുന്ന ഇവയിൽ 72 കാൻസർ മരുന്നുകൾക്ക് വലിയ തോതിൽ വില കുറയും. പുതുക്കിയ പരമാവധി ചില്ലറ വിൽപ്പന വില (എംആർപി) ഔഷധ വില നിയന്ത്രണ അതോറിറ്റി (എൻപിപിഎ) പ്രസിദ്ധീകരിച്ചു. ഈ വിഭാഗത്തിലെ മരുന്നുകളുടെ വ്യാപാര മാർജിൻ എംആർപിയുടെ 30 ശതമാനമായി പരിമിതപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം. പുതിയ നിരക്കുകൾ നവംബർ 9 മുതൽ നിലവിൽ വരും.
വില കുറച്ച മരുന്നുകളിൽ ചിലതിന് 93 ശതമാനം വരെ ഇളവ് ലഭിക്കും. സ്തനാർബുദ ചികിത്സയ്ക്കുള്ള ‘പാൽബാപ്രോ’ (125 മില്ലിഗ്രാമിന്റെ 21 ഗുളികകൾ) 40,421 രൂപയിൽ നിന്ന് 2,720 രൂപയായാണ് കുറഞ്ഞത്. പ്രോസ്റ്റേറ്റ് കാൻസറിനുള്ള ‘അബിറാലൈവ്’ (250 എംജിയുടെ 120 ഗുളികകൾ) 28,000 രൂപയിൽ നിന്ന് 4,840 രൂപയായും സ്തനാർബുദത്തിനുള്ള ‘വോമസോൾ’ 10 ഗുളികകളുടെ വില 458 രൂപയിൽ നിന്ന് 39.52 രൂപയായും കുറഞ്ഞു. വ്യത്യസ്ത ബ്രാൻഡുകൾ തമ്മിൽ നിലനിന്നിരുന്ന വലിയ വിലവ്യത്യാസത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
അതേസമയം, കനത്ത വിലയുള്ളതും ഒറ്റ നിർമ്മാതാവ് മാത്രമുള്ളതുമായ 65 പേറ്റന്റ് മരുന്നുകളുടെ നിരക്കിൽ യാതൊരു ഇളവും വരുത്തിയിട്ടില്ല എന്നത് രോഗികൾക്ക് കനത്ത തിരിച്ചടിയായി. കാൻസർ പ്രതിരോധത്തിനുള്ള പ്രധാന ഇമ്മ്യൂണോതെറാപ്പി മരുന്നായ ‘കീട്രൂഡ’യുടെ വില 100 മില്ലിഗ്രാമിന്റെ ഒരു വയലിന് 2,16,500 രൂപയായി തന്നെ തുടരും. മറ്റൊരു ഇമ്മ്യൂണോതെറാപ്പി മരുന്നായ ‘ജെമ്പർലി’ (1,90,691 രൂപ), ‘ഇംഫിൻസി’ (1,71,324 രൂപ), ശ്വാസകോശ അർബുദത്തിനുള്ള ‘ടാഗ്രിസോ’ (80 എംജിയുടെ 10 ഗുളികയ്ക്ക് 1,38,830 രൂപ), ‘അലെസെൻസ’ (150 മില്ലിഗ്രാമിന്റെ 224 ഗുളികകൾക്ക് 4,30,696 രൂപ) എന്നിവയുടെ ഉയർന്ന വിലയിൽ യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്.

