തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കുമായി 7.19 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് തുക അനുവദിച്ചത്.
ദുരന്തത്തിൽ തകർന്ന വാണിജ്യ കെട്ടിടങ്ങളുടെ ഉടമകൾക്കും ലൈസൻസുള്ള വ്യാപാര സംരംഭകർക്കുമാണ് നഷ്ടപരിഹാരം ലഭിക്കുക. കെട്ടിട നമ്പറുള്ള 128 കടമുറികൾക്കും 28 വ്യാപാര സംരംഭകർക്കുമാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്.
കെട്ടിടങ്ങൾക്കും നഷ്ടപ്പെട്ട സാധനസാമഗ്രികൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെയും ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
നഷ്ടപരിഹാര വിതരണത്തിനായി 2026 ഒക്ടോബർ 29ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അർഹരായ ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്യും.
ദുരന്തമുണ്ടായി രണ്ട് വർഷത്തിന് ശേഷമാണ് വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരം അനുവദിക്കുന്നത്. ഉരുൾപൊട്ടലിൽ വ്യാപാര സ്ഥാപനങ്ങൾ തകർന്നതോടെ ഉപജീവനമാർഗം നഷ്ടപ്പെട്ട നിരവധി വ്യാപാരികൾ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നതിനും സുരക്ഷിതമായ സ്കൂൾ യാത്ര ഉറപ്പാക്കുന്നതിനുമായി 5.31 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

