ദുബായ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ വീണ്ടും ആക്രമണം. ചെറിയ ബോട്ടിലെത്തിയ സംഘം കപ്പലിന്റെ പുറംഭാഗത്ത് ഘടിപ്പിച്ച രണ്ട് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് എൻജിൻ മുറിയിൽ തീപിടിത്തമുണ്ടായി. കപ്പലിന്റെ പ്രവർത്തനം താൽക്കാലികമായി നിലച്ചു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു.
ഒമാനിലെ ഖസബ് തീരത്തുനിന്ന് ഏകദേശം 25 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി വ്യാഴാഴ്ച രാത്രി 10.12 ഓടെയാണ് സംഭവം. കപ്പലിന്റെ ഇടതുവശത്തെത്തിയ ചെറിയ ബോട്ട് രണ്ട് സ്ഫോടകവസ്തുക്കൾ ജലനിരപ്പിന് മുകളിലുള്ള പുറംഭാഗത്ത് ഘടിപ്പിക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്ന് എൻജിൻ മുറിയിൽ തീപിടിക്കുകയും കപ്പലിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു.
പനാമ പതാകയിൽ സഞ്ചരിച്ചിരുന്ന ‘ലൂയിസ് 1’ എന്ന സ്യൂസ്മാക്സ് വിഭാഗത്തിലുള്ള എണ്ണക്കപ്പലാണ് ആക്രമണത്തിനിരയായതെന്നാണ് റിപ്പോർട്ട്. തീ അണച്ചതായും പരിസ്ഥിതി മലിനീകരണം ഉണ്ടായിട്ടില്ലെന്നും യുകെഎംടിഒ വ്യക്തമാക്കി. കപ്പൽ യാത്ര പുനരാരംഭിച്ച് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണ്.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കുനേരെ അടുത്തിടെയായി ആക്രമണങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

