പാലക്കാട്: അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് അട്ടപ്പാടിയിലെത്തും. മേഖലയിലെ ആരോഗ്യപ്രശ്നങ്ങളും ചികിത്സാ സംവിധാനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും മന്ത്രി അവലോകനം ചെയ്യും.
രാവിലെ 9.30ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിക്കുന്ന മന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരും. തുടർന്ന് രാവിലെ 11ന് അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ആരോഗ്യപ്രവർത്തകരുമായി ചർച്ച നടത്തും.
മന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും വിദഗ്ധ സംഘങ്ങളെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസം അട്ടപ്പാടിയിൽ ക്യാമ്പ് ചെയ്ത് പഠനം നടത്തുന്നതിനായി സംഘം വ്യാഴാഴ്ച സ്ഥലത്തെത്തി.
അട്ടപ്പാടിയിലെ ഊരുകൾ, ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തുന്നുണ്ട്. മേഖലയിലെ മുഴുവൻ ഗർഭിണികളെയും അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയും നേരിട്ട് പരിശോധിച്ച് ആവശ്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കും.
2026ൽ അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്ത നവജാതശിശു, ശിശു, ബാലമരണങ്ങൾ വിശദമായി പരിശോധിച്ച് മരണങ്ങളുടെ ഓഡിറ്റും നടത്തും. മൊബൈൽ മെഡിക്കൽ സംഘങ്ങളുടെ പ്രവർത്തനവും പോഷക പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനവും വിലയിരുത്തും.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് നിയോഗിച്ച സംഘത്തിൽ സംസ്ഥാന ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ഹരികുമാർ, ദേശീയ ആരോഗ്യദൗത്യത്തിന്റെ മാതൃ-ശിശു ആരോഗ്യ നോഡൽ ഓഫീസർ ഡോ. ജോയ് ജോൺ, ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലിപ്സി പോൾ എന്നിവരാണുള്ളത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഏഴ് വിദഗ്ധ ഡോക്ടർമാരെയും പഠനത്തിനായി നിയോഗിച്ചിട്ടുണ്ട്.
വിദഗ്ധസംഘത്തിന്റെ ശുപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ശിശുമരണങ്ങളുടെ കാരണങ്ങൾ കണ്ടെത്തി ആവർത്തനം തടയുന്നതിനുള്ള അടിയന്തരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ നടപടികളാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

