പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ്; അമേരിക്കയും ഇറാനും നയതന്ത്ര ധാരണയിലേക്ക്, കരട് രൂപരേഖയായി

വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ വൻ നയതന്ത്ര ധാരണയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ നയതന്ത്ര ചർച്ചകൾ നടത്തുന്നതിനായുള്ള പ്രാഥമിക കരാറിന്റെ കരട് രൂപരേഖ തയ്യാറായതായി അൽ അറേബ്യ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു.

പുതിയ കരാർ വ്യവസ്ഥകൾ പ്രകാരം ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം ഇറാൻ പൂർണ്ണമായും മൂന്നാം രാജ്യത്തേക്ക് മാറ്റുകയോ അല്ലെങ്കിൽ സമ്പുഷ്ടീകരണ തോത് ഗണ്യമായി കുറയ്ക്കുകയോ ചെയ്യണം. ഇതിനു പകരമായി ഇറാനുമേലുള്ള ഉപരോധങ്ങളിലും സാമ്പത്തിക വിലക്കുകളിലും അമേരിക്ക അയവുവരുത്തുമെന്നാണ് പ്രാഥമിക വിവരം.

ഇരുപക്ഷവും തമ്മിൽ കരാറിൽ അന്തിമ ധാരണയിലെത്തിയാൽ ഏഴ് ദിവസത്തിനകം അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കണമെന്നും കരടിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെയും ആഗോള ചരക്കുനീക്കത്തിന്റെയും സുഗമമായ ഒഴുക്കിന് ഏറെ നിർണായകമായ പാതയാണിത്.

ഇസ്താംബൂളിന് പകരം ഖത്തറിലെ ദോഹയിൽ വെച്ച് നേരിട്ട് ചർച്ചകൾ തുടരാനാണ് ഇരു രാജ്യങ്ങളും പദ്ധതിയിടുന്നത്. കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചൈന ഗ്യാരണ്ടറായി പ്രവർത്തിച്ചേക്കുമെന്നും, നിർദ്ദേശങ്ങൾ ലംഘിക്കപ്പെടാതിരിക്കാൻ പ്രത്യേക തർക്ക പരിഹാര സമിതിയെ നിയോഗിക്കുമെന്നും കരട് രൂപരേഖയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *