അഹമ്മദാബാദ്: തന്റെ അവസാന ശ്വാസം വരെ ജനസേവനത്തിനായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലെ ഭിൽദിയിൽ ഭാരത് ബോവിൻ ബ്രീഡിങ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശങ്ങൾക്ക് മറുപടിയായാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.
രാജ്യത്തിന്റെ പുരോഗതിയിൽ ചിലർ സന്തോഷം കണ്ടെത്തുന്നില്ലെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചു. ഇറാൻ യുദ്ധത്തിന് ശേഷം രാജ്യത്ത് വളത്തിന് വലിയ ക്ഷാമമുണ്ടാകുമെന്നും ആളുകൾക്ക് പാചകവാതകം ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്നുമുള്ള തരത്തിലുള്ള ഊഹാപോഹങ്ങളാണ് ചിലർ പ്രചരിപ്പിച്ചത്.
ആഗോളതലത്തിൽ വളത്തിന്റെ വിലയിൽ വൻ വർദ്ധനവുണ്ടായെങ്കിലും അതിന്റെ ഭാരം കർഷകരുടെമേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ അനുവദിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കർഷകക്ഷേമത്തിന് മുൻഗണന നൽകിയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പി.എം. കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ ചെറുകിട കർഷകർക്കായി 4.5 ലക്ഷം കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിൽ 14,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

