സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഭീകരവിരുദ്ധ സേന നടത്തിയ വ്യാപക പരിശോധനയിൽ മൂന്നുപേർ അറസ്റ്റിലായി. ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ നവംബർ 20-ന് സിഡ്നിയുടെ വിവിധ ഭാഗങ്ങളിലായി 11 കേന്ദ്രങ്ങളിലാണ് പോലീസ് സെർച്ച് വാറണ്ടുകളുടെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്. ഐ.എസുമായി ബന്ധപ്പെട്ട തീവ്രവാദ സ്വഭാവമുള്ള രേഖകളും ദൃശ്യങ്ങളും കൈവശം വെച്ചെന്ന കുറ്റം ചുമത്തപ്പെട്ടയാളും പിടിയിലായവരിൽ ഉൾപ്പെടുന്നു.
ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയോ നിർമ്മിക്കുകയോ ചെയ്തതിനും അക്രമാസക്തമായ തീവ്രവാദ ഉള്ളടക്കങ്ങൾ കൈവശം വെച്ചതിനും ഇംഗിൾബേൺ സ്വദേശിയായ 35-കാരനെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് 34-കാരനെതിരെയും, പിസ്റ്റൾ ഉൾപ്പെടെയുള്ള തോക്കുകൾ കൈവശം വെച്ചതിന് 33-കാരനെതിരെയും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ മൂന്നുപ്രതികൾക്കും ജാമ്യം നിഷേധിച്ചു.
നിലവിൽ പൊതുസമൂഹത്തിന് നേരിട്ടുള്ള ഭീഷണിയൊന്നുമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ബോണ്ടി ബീച്ച് ആക്രമണത്തിന് ശേഷം പരാജയപ്പെടുത്തുന്ന അഞ്ചാമത്തെ പ്രധാന ഭീകരാക്രമണ നീക്കമാണിതെന്ന് ഓസ്ട്രേലിയൻ സുരക്ഷാ രഹസ്യാന്വേഷണ ഏജൻസിയായ എ.എസ്.ഐ.ഒ വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൃത്യസമയത്ത് ഇടപെട്ട ന്യൂ സൗത്ത് വെയിൽസ് പോലീസ്, ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് , എ.എസ്.ഐ.ഒ എന്നിവർക്ക് വ്യാപക അഭിനന്ദനമാണ് ലഭിക്കുന്നത്.

