ജയ്പുർ: രാജസ്ഥാനിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാളിനും ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാത്തുറിനുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം. സ്വകാര്യ ഹോട്ടൽ കമ്പനിക്ക് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത ആനുകൂല്യങ്ങൾ നൽകിയെന്നും പകരമായി കുടുംബാംഗങ്ങളുടെ പേരിൽ കുറഞ്ഞ വിലയ്ക്ക് ആഡംബര വില്ലകൾ വാങ്ങിയെന്നുമാണ് ആരോപണം. രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) പ്രാഥമിക അന്വേഷണത്തെത്തുടർന്ന് വിശദമായ അന്വേഷണത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി.
അനന്ത എന്ന ബ്രാൻഡിൽ ഹോട്ടലുകളും റിസോർട്ടുകളും നടത്തുന്ന ഗോയൽ ഫാഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്. കമ്പനിക്ക് റിസോർട്ട് നിർമാണ ചട്ടങ്ങളിൽ ഇളവുകൾ നൽകുക, ആവശ്യമായ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാതെ അനുമതികൾ നൽകുക, പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയിൽ അഗർവാൾ ഇടപെട്ടെന്നാണ് എസിബിയുടെ പ്രാഥമിക കണ്ടെത്തൽ.
ഉദയ്പുരിലെ ബുജ്ഹ്ഡയിലും അൽവാറിലെ അജബ്ഗഢിലുമുള്ള റിസോർട്ടുകളിലായി കുടുംബാംഗങ്ങളുടെ പേരിൽ 36 വില്ലകൾ വാങ്ങിയെന്നാണ് ഒരു അന്വേഷണ റിപ്പോർട്ടിലെ വിവരം. ഏകദേശം 5.52 കോടി രൂപയുടേതാണ് ഈ ഇടപാടുകൾ. ബുജ്ഹ്ഡയിൽ 20 വില്ലകളും അജബ്ഗഢിൽ 16 വില്ലകളുമാണ് ഉൾപ്പെടുന്നത്. ഇവയിൽ ചിലത് വിപണിവിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് വാങ്ങിയതെന്നാണ് ആരോപണം.
ബുജ്ഹ്ഡയിൽ 2026 മാർച്ചിൽ വാങ്ങിയ 20 വില്ലകളിൽ പത്തെണ്ണം അഗർവാളിന്റെയും പത്തെണ്ണം ഭാര്യ പ്രശാഖ മാത്തുറിന്റെയും പേരിലാണ് രജിസ്റ്റർ ചെയ്തത്. ഓരോ വില്ലയ്ക്കും ഏകദേശം 15 ലക്ഷം രൂപയാണ് വിലയായി നൽകിയതെന്നാണ് റിപ്പോർട്ട്. അജബ്ഗഢിലെ 16 വില്ലകളിൽ എട്ടെണ്ണം ദമ്പതികളുടെ പേരിലും നാലെണ്ണം മക്കളുടെ പേരിലും നാലെണ്ണം മാത്തുറിന്റെ മാതാപിതാക്കളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തതെന്നും അന്വേഷണ വിവരങ്ങൾ വ്യക്തമാക്കുന്നു.
2026 മാർച്ച് 27-ന് ഗോയൽ ഫാഷൻസ് കമ്പനിക്ക് ധനകാര്യവകുപ്പ് പ്രത്യേക സാമ്പത്തിക ഇളവുകൾ അനുവദിച്ചതായും അതേ ദിവസം തന്നെ ബുജ്ഹ്ഡയിലെ 20 വില്ലകളുടെ രജിസ്ട്രേഷൻ നടന്നതായും എസിബി ചൂണ്ടിക്കാട്ടുന്നു. ഈ ഇടപാടുകൾ തമ്മിൽ ബന്ധമുണ്ടോയെന്നും ഉദ്യോഗസ്ഥന്റെ ഔദ്യോഗിക തീരുമാനങ്ങൾ കമ്പനിക്ക് അനുകൂലമായിരുന്നോയെന്നും പരിശോധിക്കും.
ഉദയ്പുരിലെ ജില്ലാ കളക്ടർ, രാജസ്ഥാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ച കാലത്തെ തീരുമാനങ്ങളും അന്വേഷണവിധേയമാണ്. അറിയപ്പെടുന്ന വരുമാനസ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നും എസിബി പരിശോധിക്കുന്നുണ്ട്.
അഗർവാളിനെ ഒക്ടോബർ 28-ന് സർക്കാർ തൽക്കാലം നിയമനമില്ലാത്ത സ്ഥിതിയിലേക്ക് (APO) മാറ്റിയിരുന്നു. ഭാര്യ പ്രശാഖ മാത്തുറിനെയും ഒക്ടോബർ 31-ന് ഇതേ നടപടിക്ക് വിധേയയാക്കി. ഇരുവർക്കും സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ 30-ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം.
അഴിമതി നിരോധന നിയമത്തിലെ 17-എ വകുപ്പ് പ്രകാരമാണ് അഗർവാളിനെതിരായ വിശദമായ അന്വേഷണത്തിന് സർക്കാർ മുൻകൂർ അനുമതി നൽകിയത്. ഉദ്യോഗസ്ഥർ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ എടുത്ത തീരുമാനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നതിനുള്ള വ്യവസ്ഥയാണിത്.
ആരോപണങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വിശദീകരണവും അന്വേഷണത്തിന്റെ അന്തിമ കണ്ടെത്തലുകളും പുറത്തുവന്നിട്ടില്ല. ആരോപണങ്ങൾ തെളിയിക്കപ്പെട്ട കുറ്റങ്ങളല്ല; എസിബിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.

