ഉപയോഗശൂന്യമായവയ്ക്ക് പുതുജീവൻ; മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ സ്വാപ് ഷോപ്പ് ആരംഭിച്ചു

മുളന്തുരുത്തി: മാലിന്യമുക്തമായ സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹൃദ സംരംഭമായ സ്വാപ് ഷോപ്പിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് നിർവഹിച്ചു. ‘നിർമ്മലം-പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിൽ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്.

വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്നതോ ചെറിയ കേടുപാടുകൾ സംഭവിച്ചതോ ആയ നിരവധി വസ്തുക്കൾ പലപ്പോഴും മാലിന്യമായി തള്ളപ്പെടാറാണ് പതിവ്. എന്നാൽ ഒരാൾക്ക് ആവശ്യമില്ലാത്ത വസ്തു മറ്റൊരാൾക്ക് പ്രയോജനകരമായേക്കാം എന്ന ആശയത്തിൽ നിന്നാണ് ഇത്തരം സാധനങ്ങൾ പരസ്പരം കൈമാറാനും പുതിയ ഉപയോക്താക്കളെ കണ്ടെത്താനുമായി സ്വാപ് ഷോപ്പ് ഒരുക്കിയിരിക്കുന്നത്. വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം കുറയ്ക്കാനും മാലിന്യത്തിന്റെ അളവ് നിയന്ത്രിക്കാനും ഈ സംരംഭം വഴി സാധിക്കും.

മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായ ഈ സംരംഭം ജനപങ്കാളിത്തത്തോടെ മുന്നോട്ടുകൊണ്ടുപോകാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കാതെ കിടക്കുന്നതും എന്നാൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതുമായ സാധനങ്ങൾ കൈമാറാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോയൽ കെ. ജോയ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഒ.എ. മണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ വിജേഷ്, വാർഡ് ക്ലർക്ക് ജ്യോതി സാഗർ, ഹരിതകർമ്മസേന സെക്രട്ടറി പ്രീതി സുകുമാരൻ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരും ചടങ്ങിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *