കൊച്ചി: ഭരണഘടനാപരമായ നീതി ഉറപ്പാക്കുന്നതിൽ ഹൈക്കോടതികൾക്ക് സുപ്രധാന സ്ഥാനമാണുള്ളതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും പൗരന്മാരുടെ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിലും കേരള ഹൈക്കോടതി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി അടുത്ത ബന്ധം പുലർത്തുന്നതിനാൽ അവരുടെ പ്രശ്നങ്ങളും പ്രാദേശിക സാഹചര്യങ്ങളും മനസ്സിലാക്കി ഫലപ്രദമായ പരിഹാരങ്ങൾ നൽകാൻ ഹൈക്കോടതികൾക്ക് സാധിക്കുന്നുണ്ട്. സുപ്രീംകോടതിയും ഹൈക്കോടതികളും പരസ്പരപൂരകമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വനിതകളുടെ നീതിന്യായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം, മൗലികാവകാശ സംരക്ഷണം എന്നീ മേഖലകളിൽ പുരോഗമനപരമായ വിധികളിലൂടെ ഭരണഘടനാ തത്വങ്ങൾ ജനജീവിതത്തിൽ പ്രാവർത്തികമാക്കാൻ കേരള ഹൈക്കോടതിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇത് മാതൃകാപരമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെ നീതിന്യായ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനും അടിയന്തര വിഷയങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനും മുൻഗണന നൽകണം. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കേസുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതും നടപടിക്രമങ്ങളിൽ സുതാര്യത കൊണ്ടുവരുന്നതും നീതി വൈകുന്നത് തടയാൻ സഹായിക്കും. കേരള ഹൈക്കോടതിയുടെ ഏഴ് പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യം അനുസ്മരിക്കുന്നതോടൊപ്പം നീതിന്യായ സംവിധാനത്തിന്റെ ഭാവി ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള വേദി കൂടിയാണ് ഈ പ്ലാറ്റിനം ജൂബിലി ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, അഡ്വക്കേറ്റ് ജനറൽ കെ. ജാജു ബാബു, അഡീഷണൽ സോളിസിറ്റർ ജനറൽ പി. ശ്രീകുമാർ, ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പീയൂസ് എ. കൊട്ടം എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുത്തു.

