അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച് ഗ്ലെൻ മാക്സ്‌വെൽ; 14 വർഷത്തെ കരിയറിന് വിരാമം

സിഡ്നി: ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വിക്ടോറിയയ്ക്കായി ആഭ്യന്തര ഏകദിന, നാലുദിന ക്രിക്കറ്റുകളിലും ഇനി കളിക്കില്ലെന്ന് 38-കാരനായ താരം വ്യക്തമാക്കി. ശരീരത്തിന്റെ ആരോഗ്യവും ശേഷിക്കുന്ന ടൂർണമെന്റുകൾക്കായി ശാരീരികക്ഷമത നിലനിർത്തേണ്ടതും പരിഗണിച്ചാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.

‘ദി ഫൈനൽ വേഡ്’ പോഡ്കാസ്റ്റിലൂടെയാണ് മാക്സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 14 വർഷം നീണ്ട കരിയറിനാണ് ഇതോടെ വിരാമമായത്. 2012ൽ ഏകദിനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മാക്സ്‌വെൽ ഓസ്ട്രേലിയയ്ക്കായി ഏഴ് ടെസ്റ്റുകളും 149 ഏകദിനങ്ങളും 130 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ഏകദിനത്തിൽ 3,990 റൺസും ട്വന്റി20യിൽ 2,897 റൺസും ടെസ്റ്റിൽ 339 റൺസുമാണ് സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 136 വിക്കറ്റുകളും നേടി. 2015, 2023 ഏകദിന ലോകകപ്പ് വിജയങ്ങളിലും 2021 ട്വന്റി20 ലോകകപ്പ് വിജയത്തിലും ഓസ്ട്രേലിയൻ ടീമിന്റെ ഭാഗമായിരുന്നു.

2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനമാണ് മാക്സ്‌വെല്ലിന്റെ കരിയറിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 91 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായിരുന്നു. തുടർന്ന് കടുത്ത പേശിവലിവിനിടയിലും പുറത്താകാതെ 128 പന്തിൽ 201 റൺസ് നേടിയ മാക്സ്‌വെൽ പാറ്റ് കമ്മിൻസിനൊപ്പം ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. 202 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.

2025 ജൂണിൽ മാക്സ്‌വെൽ ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ശ്രീലങ്കയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഒമാനെതിരെയായിരുന്നു ഓസ്ട്രേലിയയ്ക്കായി അവസാനമായി കളിച്ചത്. മത്സരത്തിൽ മൂന്ന് ഓവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബാറ്റ് ചെയ്യേണ്ടിവന്നില്ല.

ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിൽ മാക്സ്‌വെല്ലിനെ ഉൾപ്പെടുത്തിയിരുന്നില്ല. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു വിടവാങ്ങൽ മത്സരം കളിക്കാനുള്ള ചെറിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ ടീമിന്റെ യുവതാരങ്ങൾക്ക് അവസരം നൽകാനുള്ള സെലക്ടർമാരുടെ തീരുമാനത്തെ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ട്വന്റി20 ക്രിക്കറ്റിൽ മാക്സ്‌വെൽ തുടരും. ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനായി കളിക്കുന്ന താരം മറ്റ് ട്വന്റി20 ലീഗുകളിലും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *