28 വർഷത്തെ കാൽനടയാത്രയ്ക്ക് വിരാമം; അമ്മയെ കാണാൻ കാൾ ബുഷ്ബി വീട്ടിലെത്തി

ഹൾ (ഇംഗ്ലണ്ട്): ദക്ഷിണ അമേരിക്കയിൽനിന്ന് കാൽനടയായി ലോകം ചുറ്റി സ്വന്തം നാട്ടിലെത്തിയ ബ്രിട്ടീഷ് സാഹസിക സഞ്ചാരി കാൾ ബുഷ്ബി (57). 28 വർഷം നീണ്ട യാത്ര പൂർത്തിയാക്കി തിങ്കളാഴ്ച ഇംഗ്ലണ്ടിലെ ഹൾ നഗരത്തിലുള്ള ബാല്യകാല വീട്ടിലെത്തിയ ബുഷ്ബിയെ അമ്മ ആഞ്ചലയും കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.

1998 നവംബർ ഒന്നിന് ചിലിയിലെ പൂണ്ട അരീനസിൽനിന്നാണ് ബുഷ്ബി യാത്ര ആരംഭിച്ചത്. മോട്ടോർ വാഹനങ്ങളോ വിമാനങ്ങളോ കപ്പലുകളോ ഉപയോഗിച്ച് യാത്ര മുന്നോട്ടുകൊണ്ടുപോകില്ലെന്നും കാൽനടയായി തന്നെ നാട്ടിലെത്തിയശേഷമേ മടങ്ങുകയുള്ളൂവെന്നുമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഏകദേശം 50,000 കിലോമീറ്റർ (31,000 മൈൽ) പിന്നിട്ട് നാലു ഭൂഖണ്ഡങ്ങളിലായി 30 രാജ്യങ്ങൾ സഞ്ചരിച്ചാണ് അദ്ദേഹം ലക്ഷ്യത്തിലെത്തിയത്.

യാത്രയ്ക്കിടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നു. കൊടുംകാടുകളും മരുഭൂമികളും മഞ്ഞുമൂടിയ പ്രദേശങ്ങളും താണ്ടി. അലാസ്കയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള ബെറിങ് കടലിടുക്കിലെ മഞ്ഞുപാളികൾക്കിടയിലൂടെ സഞ്ചരിച്ചു. കാസ്പിയൻ കടലും ഇംഗ്ലീഷ് ചാനലും നീന്തിക്കടന്നാണ് യാത്ര തുടർന്നത്. പണം കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകൾ, വിസാ നടപടികളിലെ തടസ്സങ്ങൾ, തടങ്കൽ, പ്രതികൂല കാലാവസ്ഥ, കോവിഡ് മഹാമാരി എന്നിവ യാത്ര വൈകിപ്പിച്ചു. പനാമയിൽ തടവിലാകുകയും റഷ്യയിൽ തടങ്കലിൽ കഴിയേണ്ടിവരികയും ചെയ്തു.

ആദ്യഘട്ടത്തിൽ അഞ്ചു വർഷത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പ്രതീക്ഷിച്ചതിലും ഏറെ നീണ്ടു. 28 വർഷത്തിനിടെ ഏകദേശം 15 വർഷം മാത്രമാണ് യഥാർഥത്തിൽ നടന്നതെന്ന് ബുഷ്ബി പറഞ്ഞു. യാത്രയുടെ ഭാഗമായി പല രാജ്യങ്ങളിലും ദീർഘകാലം കാത്തിരിക്കേണ്ടിവന്നു.

തിങ്കളാഴ്ച ഹൾ നഗരത്തിലെത്തിയ ബുഷ്ബിയെ നൂറുകണക്കിന് ആളുകളാണ് സ്വീകരിച്ചത്. നഗരത്തിലെ സിറ്റി ഹാളിൽ സ്വീകരണച്ചടങ്ങിനുശേഷം അമ്മയുടെ വീട്ടിലേക്കുള്ള അവസാന ദൂരം കൂടി അദ്ദേഹം നടന്നു. 1998-ൽ യാത്ര തുടങ്ങുമ്പോൾ 29 വയസ്സായിരുന്നു ബുഷ്ബിയുടെ പ്രായം. പത്തുവർഷമായി അമ്മയെ നേരിൽ കണ്ടിരുന്നില്ല. മകൻ വീട്ടിലെത്തിയപ്പോൾ ആഞ്ചല കണ്ണീരോടെ ആലിംഗനം ചെയ്തു. ‘എവിടെയായിരുന്നു ഇത്രയും കാലം?’ എന്നായിരുന്നു അമ്മയുടെ ചോദ്യം.

യാത്ര ആരംഭിക്കുമ്പോൾ എട്ടുവയസ്സുണ്ടായിരുന്ന മകൻ ആദവും ഇപ്പോൾ പിതാവിനെ സ്വീകരിക്കാനെത്തി. കൊച്ചുമകളെയും ബുഷ്ബി കണ്ടുമുട്ടി. യാത്രയിൽ സഹായിച്ച ലോകമെമ്പാടുമുള്ള അപരിചിതരുടെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് ലക്ഷ്യത്തിലെത്താൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

യാത്രയെക്കുറിച്ച് പുസ്തകത്തിന്റെ തുടർഭാഗം തയ്യാറാക്കാനും പ്രഭാഷണ പരിപാടികളിൽ പങ്കെടുക്കാനും ബുഷ്ബി പദ്ധതിയിടുന്നുണ്ട്. ജർമൻ ചലച്ചിത്രകാരൻ വെർണർ ഹെർസോഗിന്റെ നേതൃത്വത്തിൽ യാത്രയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ഒരുങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *