
തയ്യാറാക്കിയത്: ബിസി തോപ്പിൽ
എറണാകുളം: ചിത്രകലയിലും ശില്പകലയിലും അരനൂറ്റാണ്ടിനോടടുക്കുന്ന സപര്യയുമായി കലാരംഗത്ത് സജീവ സാന്നിധ്യമായി തുടരുകയാണ് ആര്‍ട്ടിസ്റ്റ് സി.ജി. ജിനദേവന്.എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള ‘ശ്രീവത്സം’ എന്ന വീട്ടില്‍ കുടുംബസമേതം താമസിക്കുന്ന ശ്രീ ജിനദേവന് ഇനിയും അര്‍ഹിക്കുന്ന സ്ഥാനത്ത് എത്തിപ്പെടാത്ത അതുല്യനായ ഒരു കലാകാരനാണ്.ചിത്രകാരന്, ശില്പി, കലാധ്യാപകന്,കവി,ശ്ലോകരചയിതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജിനദേവന്റെ കലാജീവിതം സ്വയം ആര്‍ജിച്ചെടുത്ത അനുഭവങ്ങളുടെയും കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും സാക്ഷ്യമാണ്.
1977-ലാണ് ജിനദേവന്റെ ചിത്രകലാജീവിതത്തിന് തുടക്കമാകുന്നത്.പരമ്പരാഗത രീതിയിലുള്ള ജോത്സ്യനെന്നതിലുപരി സംസ്കൃതത്തിലും ജ്യോതിഷത്തിലും അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്ന ശ്രീ സി.കെ ഗോപാലന് ശാസ്ത്രികളുടെ ആറുമക്കളില്‍ ഒരാളാണ് ജിനദേവന്.ശാസ്ത്രികള്‍ അക്ഷരശ്ലോകരംഗത്തും ശ്രദ്ധേയനായിരുന്നു.പരിചയപ്പെടുന്ന സുഹൃത്തുക്കളുടെ ജീവിതവിവരങ്ങള്‍ അടിസ്ഥാനമാക്കി ശ്ലോകങ്ങള്‍ രചിക്കുന്നതും അദ്ദേഹത്തിന്റെ സവിശേഷമായ കഴിവായിരുന്നു.പിതാവിന്റെ ഈ സാഹിത്യപാരമ്പര്യം മകന് ജിനദേവനിലേക്കും പകര്‍ന്നുകിട്ടി. പിതാവ് രചിച്ച ശ്ലോകങ്ങളും കവിതകളും ‘ഓര്‍മ്മയില്‍ നിന്ന്’ എന്ന കവിതാസമാഹാരത്തില്‍ സമാഹരിച്ചിട്ടുണ്ട്.അഞ്ചു മക്കളും വിദ്യാര്‍ത്ഥികള്‍ ആയിരിക്കെ പിതാവ് മരണപ്പെട്ടു.അതിനുശേഷം ജിനദേവന്റെ ജീവിതം കഷ്ടപ്പാടിന്റെ വഴിയിലേക്ക് തിരിഞ്ഞു.

അമ്മയും സഹോദരങ്ങളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങള്‍ ജിനദേവനെ പല തൊഴിലുകളിലേക്കും നയിച്ചു.അമ്മാവന്റെ നിര്‍ദേശപ്രകാരം വൈക്കത്ത് വെല്‍ഡിംഗും ലെയ്ത്ത് വര്‍ക്കും പഠിക്കാന്‍ പോയെങ്കിലും പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങി.സുഹൃത്തായ അപ്പുക്കുട്ടനോടൊപ്പം വീടുകള്‍ പെയിന്റ് ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടു.തുടര്‍ന്ന് ബസുകളുടെയും ലോറികളുടെയും പെയിന്റിംഗ്,ബോര്‍ഡ്,ബാനര്‍ എഴുത്ത് തുടങ്ങിയ ജോലികളും ഏറ്റെടുത്തു.ഇവയൊന്നും ഗുരുമുഖത്തുനിന്ന് അഭ്യസിച്ചതായിരുന്നില്ല. കഠിനമായ പരിശ്രമത്തിലൂടെ സ്വയം ആര്‍ജ്ജിച്ചതാണ് ഈ കഴിവുകള്‍ .
സഹോദരന് സഹദേവന്റെ നിര്‍ദേശപ്രകാരം ചിത്രകാരനായ സുഹൃത്ത് സി.ആര്.ശശീന്ദ്രനാണ് ജിനദേവനെ തൃപ്പൂണിത്തുറ സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് ആന്‍ഡ് ഫോട്ടോഗ്രഫിയില്‍ എത്തിച്ചത്.ആര്‍ട്ടിസ്റ്റ് പി.ജെ.പോളിന്റെയും വര്‍ഗീസ് മാഷിന്റെയും സഹാധ്യാപകനായിരുന്ന വിജയന് പി.സ്ഥാനത്തിന്റെയും ശിക്ഷണത്തില്‍ ചിത്രകലയുടെ ശാസ്ത്രീയപാഠങ്ങള്‍ അഭ്യസിച്ചു.തുടര്‍ന്ന് ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗില്‍ ഗ്രൂപ്പ് ഡിപ്ലോമ (KGTE) കരസ്ഥമാക്കി.ഓയില്‍,വാട്ടര്‍ കളര്‍, ഇനാമല്‍ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ ഒരുപോലെ ചിത്രങ്ങള്‍ വരയ്ക്കാന്‍ അക്കാലത്തുതന്നെ അദ്ദേഹം പ്രാവീണ്യം നേടി.1980-കളുടെ അവസാനത്തില്‍ മുംബൈ ആസ്ഥാനമായുള്ള നാഷണല്‍ ആര്‍ട്ട് വര്‍ക്ക് എന്ന സ്ഥാപനത്തില്‍ ആര്‍ട്ടിസ്റ്റായി ജോലി ലഭിച്ചത് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായി.ഓയില്‍ പെയിന്റിംഗില്‍ ഛായാചിത്രങ്ങള്‍ വരയ്ക്കുന്നതായിരുന്നു പ്രധാന ജോലി.ഒരു ദിവസം ഒന്‍പതോളം ചിത്രങ്ങള്‍ വരെ പൂര്‍ത്തിയാക്കിയ അനുഭവമുണ്ട്.

അധികകാലം അവിടെ തുടരാന്‍ കഴിയാതെ നാട്ടിലെത്തിയ അദ്ദേഹം തൃപ്പൂണിത്തുറയിലെ ചിത്രകലാ വിദ്യാലയത്തില്‍ അധ്യാപകനായി.പിന്നീട് തലയോലപ്പറമ്പിലെ മോഡല്‍ ചിത്രകലാ വിദ്യാലയം ഏറ്റെടുത്ത് പന്ത്രണ്ടുവര്ഷത്തോളം നടത്തി.ഈ കാലയളവില്‍ നിരവധി പ്രതിഭകളെ ചിത്രകലയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് പ്രശസ്തരായ ബോസ് കൃഷ്ണമാചാരി,നടന് ഷമ്മി തിലകന്,അന്തരിച്ച സുധാകര്‍ മംഗളോദയം തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായിരുന്നു എന്നത് ജിനദേവന് ഏറെ അഭിമാനകരമാണ്.
കേരള ലളിതകലാഅക്കാദമിയുടെ സെക്രട്ടറിയായ എം.കെ. ഷിബു തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ പ്രിന്‍സിപ്പലായി വിരമിച്ച പുഷ്പശരന് എന്നിവരും മോഡല്‍ ചിത്രകലാവിദ്യാലയത്തിലെ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു.മജീഷ്യന്‍ ബെന്‍ എന്നറിയപ്പെടുന്ന ബെന്നി കുറവിലങ്ങാട്,സാഹിത്യകൃതികളുടെ പശ്ചാത്തലവും കഥാസന്ദര്‍ഭങ്ങളും ഫോട്ടോഗ്രാഫിയിലൂടെ ആവിഷ്കരിക്കുന്ന മനോജ് വൈക്കം,സ്തപതി സ്കൂള്‍ ഓഫ് ആര്‍ട്സിലെ വൈക്കം കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേരും അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ കടന്നുപോയിട്ടുണ്ട്.ഇതിനുപുറമേ വെള്ളൂര്‍ ന്യൂസ് പ്രിന്റില്‍ പത്തുവര്‍ഷത്തോളം പാര്‍ട്ട് ടൈം ഡ്രോയിംഗ് അധ്യാപകനായും സേവനമനുഷ്ഠിച്ചു.


1996-ല്‍ മസ്കറ്റിലേക്ക് പോയതോടെ ജിനദേവന്റെ ജീവിതത്തില്‍ മറ്റൊരു അധ്യായം ആരംഭിച്ചു.തൃശൂരില്‍ 68 പേര് പങ്കെടുത്ത അഭിമുഖത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ ഒരാളായാണ് അദ്ദേഹം ഒമാനിലെ റൂവിയിലെത്തിയത്.32 ചിത്രകാരന്മാര് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ തുടക്കത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു.എന്നാല്‍ കഴിവും ആത്മവിശ്വാസവും കൊണ്ട് അവയെ ഓരോന്നായി മറികടന്നു.
ഒരു രാജകൊട്ടാരത്തിനായി നാല് ചിത്രങ്ങള്‍ തയ്യാറാക്കേണ്ടിവന്നപ്പോള് പുതുമുഖമായിരുന്ന ജിനദേവനും ഒരു ചിത്രം വരയ്ക്കാന്‍ അവസരം ലഭിച്ചു.34 ചിത്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടതില്‍ തിരുത്തലുകളൊന്നും ആവശ്യപ്പെടാതെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥര്‍ ഒന്നാമതായി തിരഞ്ഞെടുത്തത് ജിനദേവന്റെ ചിത്രമായിരുന്നു.എന്നാല്‍ ഈ നേട്ടം സഹപ്രവര്‍ത്തകരില്‍ ചിലരുടെ അസൂയയ്ക്ക് കാരണമായി.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടോയ്ലറ്റ് ഭിത്തികള്‍ കഴുകി പെയിന്റ് ചെയ്യേണ്ടിവന്നതടക്കമുള്ള ഒട്ടേറെ ദുരനുഭവങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നു.മൂന്നുദിവസത്തോളം കണ്ണീരോടെയാണ് ആ ജോലി ചെയ്തത്.സംഭവം കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അനീതിക്കെതിരെ നടപടിയുണ്ടായി.സ്പോണ്‍സറുടെ വീട്ടില്‍ വരച്ച അലമാരയുടെ ചിത്രം എല്ലാവര്ക്കും ഇഷ്ടപ്പെടുകയും രാജമുദ്രയുള്ള ടിസോര്ട് വാച്ച് സമ്മാനമായി കൊടുക്കുകയും ശമ്പളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.അത് സഹപ്രവര്‍ത്തകരുടെ വിരോധത്തിന് വീണ്ടും കാരണമായി. അതിനെത്തുടര്‍ന്ന് അവിടം ഉപേക്ഷിച്ച് ദുബായ്,ഖത്തര്‍,ലബനോണ്‍,ജോര്‍ദ്ദാന്‍,സൗദി തുടങ്ങിയ രാജ്യങ്ങളില്‍ ആയിരത്തിലേറെ വര്‍ക്കുകള്‍ ചെയ്തു.
2018-ല്‍ നാട്ടില്‍ തിരിച്ചെത്തിയ ജിനദേവന് ഇന്റീരിയര്‍ വര്‍ക്കുകള്‍,ചിത്രരചന,ശില്പനിര്മാണം എന്നിവയിലൂടെ ഉപജീവനം കണ്ടെത്തുന്നു.നടന് മോഹന്‍ലാലിനുവേണ്ടി ഫൈബറില്‍ നിര്‍മിച്ച ‘യുണിറ്റി’എന്ന പൂര്ണകായശില്പം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൃഷ്ടികളിലൊന്നാണ്.ഈ ശില്‍പനിര്‍മാണത്തിനുള്ള അംഗീകാരമായി അംബേദ്കര്‍ നാഷണല്‍ പുരസ്കാരം ലഭിച്ചു.ഈയിടെ ഷമ്മി തിലകന്റെ ആവശ്യപ്രകാരം മലയാള സിനിമയിലെ പെരുന്തച്ചന് ശ്രീ തിലകന്റെ ഛായാചിത്രവും ജിനദേവന് വരയ്ക്കുകയുണ്ടായി.


നവഭാവന തിരുവനന്തപുരം ഏര്‍പ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ പുരസ്കാരം,ചിത്രകലയ്ക്കുള്ള മലയാള പുരസ്കാരം തുടങ്ങി സ്വദേശത്തും വിദേശത്തുമായി വിവിധ സംഘടനകളുടെ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.ചിത്രകലയ്ക്കൊപ്പം സാഹിത്യരംഗത്തും ജിനദേവന് സജീവമാണ്. പിതാവില്‍നിന്ന് പകര്‍ന്നുകിട്ടിയ ശ്ലോകരചനയുടെയും കവിതാരചനയുടെയും പാരമ്പര്യം അദ്ദേഹം ഇന്നും തുടരുന്നു.’കര്‍ണ്ണികാരം’ എന്ന പേരില്‍ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കരുംകുളം ഡോ.ആന്റണി കലാ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ‘അക്ഷരശ്രീ’ പുരസ്കാരം ഈ കൃതിക്ക് ലഭിച്ചു.
മഹാകവി മേല്‍പ്പത്തൂരിന്റെ ‘നാരായണീയം’ വൃത്താനുവൃത്തമായി ലളിതമായ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ശ്രമവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.കോവിഡ് കാലത്തുതന്നെ തുടങ്ങിയ ഈ സംരംഭത്തില്‍ നാരായണീയത്തിലെ 38-ാം ദശകമായ ശ്രീകൃഷ്ണാവതാരം വരെ പൂര്‍ത്തിയാക്കി.ജീവിതഭാണ്ഡത്തിന്റെ ഭാരം ചുമക്കുന്ന തിരക്കുകള്‍ക്കിടയിലും ദിവസവും ഒരു ശ്ലോകമെങ്കിലും എഴുതിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ഭാര്യ വത്സല ജിനദേവനും മക്കളായ ശ്രീജിത്ത് എസ്. ദേവും രഞ്ജിത്ത് എസ്.ദേവും അടങ്ങുന്നതാണ് കുടുംബം.നിറങ്ങള്‍ കെട്ടുപോയ ജീവിതത്തിലെ കടുത്ത അധ്യായങ്ങളെ പെയിന്റ് ബ്രഷും ഉളിയും കൊണ്ട് ചിത്രങ്ങളായും ശില്പങ്ങളായും കവിതകളായും പകര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ കലാകാരന്റെ സര്‍ഗാത്മകത ഇനിയും വേണ്ടത്ര അറിയപ്പെട്ടിട്ടില്ല എന്നത് വിഷമകരമായ യാഥാര്‍ഥ്യമാണ്.എടയ്ക്കാട്ടുവയലിലെ വീട്ടില്‍ ലളിതജീവിതം നയിക്കുന്ന ജിനദേവന്റെ കലയും അധ്യാപനവും സാഹിത്യവും ഇഴചേര്‍ന്ന നാള്‍വഴികളില്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ തേടിയെത്തും എന്ന് പ്രതീക്ഷിക്കാം.

