സിഡ്നി: സിഡ്നി കെ.എം.സി.സിയുടെ പന്ത്രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസ്ട്രേലിയയിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ന്യൂ സൗത്ത് വെയിൽസ് (എൻ.എസ്.ഡബ്ല്യു) പാർലമെന്റും ഇന്ത്യൻ കോൺസുലേറ്റും സന്ദർശിച്ചു. റിവർസ്റ്റോൺ എം.പിയും എൻ.എസ്.ഡബ്ല്യു പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ കോ-ചെയറുമായ വാറൻ കിർബി പാർലമെന്റ് ഹൗസിൽ തങ്ങൾക്കും സംഘത്തിനും ഊഷ്മളമായ ആതിഥ്യമരുളി. കൂടിക്കാഴ്ചയിൽ ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധങ്ങളും ആസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളും ഇരുവരും ചർച്ച ചെയ്തു.
തുടർന്ന് സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റിലെത്തിയ സാദിഖലി ശിഹാബ് തങ്ങൾ കോൺസൽ ജനറൽ ഡോ. എസ്. ജാനകിരാമനുമായി സൗഹൃദ സംഭാഷണം നടത്തി. പ്രവാസി ക്ഷേമം, പ്രവാസി സമൂഹത്തിന്റെ വികസനം എന്നിവ കൂടിക്കാഴ്ചയിൽ വിഷയമായി. കഴിഞ്ഞ റമദാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ബഹുസാംസ്കാരിക ഇഫ്താർ സംഗമത്തെ തങ്ങൾ പ്രത്യേകം അഭിനന്ദിച്ചു.
സിഡ്നിയിലെ ‘ലിറ്റിൽ ഇന്ത്യ’ എന്നറിയപ്പെടുന്ന ഹാരിസ് പാർക്കിലെ പ്രമുഖ ഇന്ത്യൻ ജ്വല്ലറികളായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, ജോയാലുക്കാസ് എന്നിവയും അദ്ദേഹം സന്ദർശിച്ചു. സിറ്റി ഓഫ് പരമറ്റ കൗൺസിലർ സമീർ പാണ്ഡെ, മലബാർ ഗോൾഡ് ഓസ്ട്രേലിയ കൺട്രി ഹെഡ് കാസിം ബക്കർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാറും (ECTA), യു.എ.ഇ–ഓസ്ട്രേലിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (CEPA) തുറന്നുനൽകുന്ന പുതിയ വ്യാപാര-നിക്ഷേപ സാധ്യതകൾ സന്ദർശനവേളയിൽ ചർച്ചയായി.
ഓസ്ട്രേലിയ–ഇന്ത്യ വ്യവസായ പ്രമുഖൻ ഇർഫാൻ മാലിക്കാണ് സന്ദർശന പരിപാടികൾ ഏകോപിപ്പിച്ചത്. കെ.എം.സി.സി എൻ.എസ്.ഡബ്ല്യു പ്രസിഡന്റ് ഫൈസൽ, യു.എ.ഇ കെ.എം.സി.സി സെക്രട്ടറി അൻവർ നഹ, നെക്സ ഹോംസ് ഡയറക്ടർ ജാക്ക് ചെമ്പരിക്ക, അനസ് ഉമർ, റഹൂഫ് എ.കെ, അനസ്, ഷിഹാസ്, അബ്ദുറഹ്മാൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

