തിരുവനന്തപുരം: ശ്രീകാര്യം കൊലക്കേസിൽ കൊല്ലപ്പെട്ട 17കാരൻ എ.ഡി. അഭിരാമിന് കണ്ണീരോടെ വിടനൽകി നാട്. പാങ്ങപ്പാറയിലെ വാടകവീട്ടിൽ എത്തിച്ച മൃതദേഹം കണ്ടു മാതാവും സഹോദരിയും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. സഹപാഠികളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇന്നലെ കഴക്കൂട്ടം ശാന്തിതീരത്ത് മൃതദേഹം സംസ്കരിച്ചു.
പാങ്ങപ്പാറ സംഗീത നഗറിലെ വാടകവീട്ടിൽ ഇന്നലെ രാവിലെ 10.30ഓടെയാണ് അഭിരാമിന്റെ മൃതദേഹം എത്തിച്ചത്. മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാവ് ധർമജ തളർന്നുവീണു. ബന്ധുക്കൾ ചേർന്നാണ് ഇവരെ ആശ്വസിപ്പിച്ചത്. പിതാവ് മധുകുമാറും മകന്റെ വിയോഗത്തിൽ തളർന്നു. ദുബായിൽ ഹോസ്റ്റൽ വാർഡനായി ജോലി ചെയ്യുന്ന ധർമജ മകന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയിരുന്നു. ഗൾഫിൽ നഴ്സായി ജോലി ചെയ്യുന്ന സഹോദരി ആര്യ എത്തിയ ശേഷമാണ് സംസ്കാരം നടത്തിയത്.
എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യുമാനിറ്റീസ് ഒന്നാംവർഷ വിദ്യാർഥിയായിരുന്നു അഭിരാം. ശാന്തസ്വഭാവക്കാരനായിരുന്ന അഭിരാമിന്റെ മരണം പ്രദേശവാസികളെയും സഹപാഠികളെയും ഒരുപോലെ നടുക്കി. നേരിട്ട് പരിചയമില്ലാത്തവരും അവസാനമായി ഒരുനോക്ക് കാണാൻ വീട്ടിലെത്തി. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ആദരാഞ്ജലി അർപ്പിച്ചു.
പ്രണയപ്പകയെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ പ്രായപൂർത്തിയാകാത്തവരടക്കം പ്രതികളുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പ്രതികളുടെ പങ്കും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണം കൂടുതൽ കാര്യക്ഷമമാകേണ്ടിയിരുന്നെന്നും പിതാവ് മധുകുമാർ നേരത്തേ ആരോപിച്ചിരുന്നു. കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും മകനെ കണ്ടെത്താനായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ പരാതി ലഭിച്ചതിനു പിന്നാലെ അന്വേഷണം നടത്തിയെന്നും ഫോൺവിളികൾ പിന്തുടർന്ന് പ്രതികളെ കണ്ടെത്തിയെന്നുമാണ് പൊലീസ് വിശദീകരണം.

