ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാനുള്ള യു.ജി.സി ചട്ടങ്ങൾ പുനഃപരിശോധിക്കും; സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) രൂപീകരിച്ച പുതിയ ഇക്വിറ്റി ചട്ടങ്ങൾ പുനഃപരിശോധിക്കാൻ പ്രത്യേക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം വ്യക്തമാക്കിയത്. ക്യാമ്പസുകളിൽ ഒരു വിഭാഗം വിദ്യാർത്ഥികൾക്കും യാതൊരുവിധ ആശങ്കയോ അസംതൃപ്തിയോ ഉണ്ടാകാത്ത രീതിയിൽ വിഷയത്തെ അതീവ ഗൗരവമായി സമീപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

പുതിയ യു.ജി.സി ചട്ടങ്ങൾക്ക് വ്യക്തതയില്ലെന്നും അത് സമൂഹത്തിൽ ചേരിതിരിവുകൾ ഉണ്ടാക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. ക്യാമ്പസുകളിൽ എത്തുന്ന എല്ലാ വിദ്യാർത്ഥികളുടെയും ക്ഷേമവും സുരക്ഷയും ഒരുപോലെ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ച കോടതി, ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിവുകൾ ഉണ്ടാക്കുന്നതിനേക്കാൾ വിദ്യാർത്ഥികൾ തമ്മിലുള്ള സൗഹാർദ്ദം നിലനിർത്താനാണ് പ്രാധാന്യം നൽകേണ്ടതെന്നും വ്യക്തമാക്കി.

പുതിയ നിയമനിർമ്മാണം പൊതുവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിവേചനമുണ്ടാക്കുന്നുവെന്നും വ്യാജ പരാതികൾ തടയാൻ കൃത്യമായ മാനദണ്ഡങ്ങളില്ലെന്നും ആരോപിച്ചാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. വിഷയം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ തുടർനടപടികൾക്കായി ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി നാലാഴ്ചത്തേക്ക് മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *