സിഡ്നി പുതുവത്സര കരിമരുന്ന് പ്രയോഗം: ടിക്കറ്റ് ലഭിച്ചെന്ന തെറ്റായ സന്ദേശം; 3000-ത്തോളം പേരോട് മാപ്പപേക്ഷിച്ച് ട്രാൻസ്‌പോർട്ട് ഫോർ എൻ.എസ്.ഡബ്ല്യു

സിഡ്നി: സിഡ്നി ഹാർബർ ബ്രിഡ്ജിന് സമീപമുള്ള കാഹിൽ എക്‌സ്പ്രസ് വേയിൽ നിന്ന് ലോകപ്രശസ്തമായ പുതുവത്സര കരിമരുന്ന് പ്രയോഗം കാണാൻ ടിക്കറ്റ് ലഭിച്ചതായി തെറ്റായ സന്ദേശം അയച്ച സംഭവത്തിൽ അയ്യായിരത്തോളം വരുന്ന ജനങ്ങളോട് മാപ്പപേക്ഷിച്ച് ട്രാൻസ്‌പോർട്ട് ഫോർ എൻ.എസ്.ഡബ്ല്യു. ബാക്കിയുണ്ടായിരുന്ന 350 ടിക്കറ്റുകൾക്ക് പകരമായി സാങ്കേതിക പിഴവ് മൂലം മൂവായിരത്തോളം (3000) പേർക്കാണ് വിജയികളായെന്ന അറിയിപ്പ് ലഭിച്ചത്.

ഓരോ വർഷവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പതിനായിരത്തോളം പേർക്കാണ് കാഹിൽ എക്സ്പ്രസ് വേയിലെ പ്രീമിയം വ്യൂവിങ് പോയിന്റിൽ നിന്ന് കരിമരുന്ന് പ്രകടനം കാണാൻ സൗജന്യ അനുമതി നൽകാറുള്ളത്. നേരത്തെ ടിക്കറ്റ് ലഭിച്ചവർ അസൗകര്യം മൂലം റദ്ദാക്കിയ 350 ടിക്കറ്റുകളിലേക്ക് അവസാനഘട്ട നറുക്കെടുപ്പ് നടത്തിയപ്പോഴാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. ടിക്കറ്റ് ലഭിച്ചെന്ന സന്ദേശം കണ്ട് പോർട്ടലിൽ ലോഗിൻ ചെയ്ത ആയിരക്കണക്കിന് ആളുകൾക്ക് ടിക്കറ്റുകൾ ലഭ്യമല്ലെന്ന സന്ദേശമാണ് കാണാനായത്.

സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച ട്രാൻസ്‌പോർട്ട് ഫോർ എൻ.എസ്.ഡബ്ല്യു സെക്രട്ടറി ജോഷ് മറെ, ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മനുഷ്യസഹജമായ പിഴവാണെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ 350 പേർക്ക് അയക്കേണ്ട മെയിലിന് പകരം ഒറ്റ ക്ലിക്കിലൂടെ 3000 പേർക്ക് അറിയിപ്പ് പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ കുടുംബത്തോടും സുഹൃത്തുക്കളോടും സന്തോഷം പങ്കുവെച്ച് ആഘോഷത്തിന് കാത്തിരിക്കുമ്പോൾ ഇത്തരം നിരാശയുണ്ടാക്കിയതിൽ അങ്ങേയറ്റം വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെറ്റായ അറിയിപ്പ് ലഭിച്ച മൂവായിരത്തോളം പേരെയും അധികൃതർ വ്യക്തിപരമായി ബന്ധപ്പെട്ടു വരികയാണ്. ഇവർക്ക് അടുത്ത വർഷത്തെ പുതുവത്സര കരിമരുന്ന് പ്രകടനത്തിനുള്ള ടിക്കറ്റ് നറുക്കെടുപ്പിൽ മുൻഗണന നൽകുമെന്നും ട്രാൻസ്‌പോർട്ട് ഫോർ എൻ.എസ്.ഡബ്ല്യു ഉറപ്പുനൽകി. 2000-ൽ ആരംഭിച്ച കാഹിൽ എക്സ്പ്രസ് വേയിലെ ആഘോഷം ഓസ്‌ട്രേലിയയിലെ ഏറ്റവും ജനപ്രിയമായ പുതുവത്സര പരിപാടികളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *