മെൽബൺ: വിപഞ്ചിക ഗ്രന്ഥശാലയും മലയാളിപ്പത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘അക്ഷരോത്സവം 2026’ നോടനുബന്ധിച്ച് ഒരുക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയായി. പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ സവിശേഷ അക്ഷരദീക്ഷാ ചടങ്ങിലേക്ക് നിശ്ചയിച്ചിരുന്ന പരിമിതമായ സീറ്റുകളിലേക്കുള്ള പ്രവേശനമാണ് പൂർണമായും നിറഞ്ഞത്.
പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ച ആവേശകരമായ പ്രതികരണത്തിനും സ്നേഹത്തിനും സംഘാടക സമിതി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകൾക്കും നവംബർ 21-ന് ക്ലേട്ടൺ ടൗൺ ഹാളിൽ (Clayton Town Hall) നടക്കുന്ന ചടങ്ങിലേക്ക് സംഘാടകർ സ്വാഗതം ആശംസിച്ചു. അക്ഷരങ്ങളിലൂടെ അറിവിന്റെ പുതിയ ലോകത്തേക്ക് കുരുന്നുകളെ ആനയിക്കുന്ന ഈ മഹോത്സവത്തിൽ പങ്കുചേരാൻ താത്പര്യമുള്ളവർക്കായി https://app.orgnyse.com.au/684/amlf-2026-3rd-edition എന്ന ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്.

