റഷ്യയിൽനിന്ന് ഇറാനിലേക്ക് വാതക പൈപ്പ് ലൈൻ; അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് ഇറാൻ

മോസ്കോ: റഷ്യയിൽനിന്ന് ഇറാനിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നതിനായി പൈപ്പ് ലൈൻ നിർമിക്കുന്ന കാര്യം ചർച്ച ചെയ്ത് റഷ്യയും ഇറാനും. ഇറാന്റെ ആഭ്യന്തര വാതകക്ഷാമം പരിഹരിക്കുന്നതിനൊപ്പം റഷ്യൻ വാതകം ഇറാന്റെ അയൽരാജ്യങ്ങളിലേക്ക് വിതരണം ചെയ്യാനും ലക്ഷ്യമിട്ടാണ് പദ്ധതി പരിഗണിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇറാൻ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി മൊഹ്സെൻ റെസായിയും തമ്മിൽ മോസ്കോയിലെ ക്രെംലിനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ചർച്ചയായത്.

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ സന്ദേശവും റെസായി പുടിന് കൈമാറി. അമേരിക്കയുമായുള്ള സംഘർഷം, യുദ്ധാനന്തര പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങൾ, ഹോർമുസ് കടലിടുക്കിന്റെ ഭാവി, ഇറാനുമേലുള്ള ഉപരോധങ്ങൾ, ആണവപരിപാടി തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്ന നിലപാട് ആവർത്തിച്ച ഇറാൻ, തങ്ങൾ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ പൂർണമായി നടപ്പാക്കാതെ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നും വ്യക്തമാക്കി. നിബന്ധനകൾ പാലിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും റെസായി അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കുന്നതിനും മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനും റഷ്യ പിന്തുണ നൽകുമെന്ന് പുടിൻ അറിയിച്ചതായും റെസായി പറഞ്ഞു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നടപടികൾക്കിടെ ഇറാന്റെ ഊർജ, സുരക്ഷാ മേഖലകളിൽ റഷ്യയുമായുള്ള സഹകരണം ശക്തമാക്കാനുള്ള നീക്കമായാണ് കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *