ജന്തർ മന്തറിൽ ഇനി സമരങ്ങളില്ല; 99 ദിവസത്തെ നിയന്ത്രണങ്ങൾക്കുശേഷം റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: രാജ്യത്തെ പ്രധാന പ്രതിഷേധ വേദികളിലൊന്നായിരുന്ന ജന്തർ മന്തറിൽനിന്ന് ബാരിക്കേഡുകൾ നീക്കി ഡൽഹി പൊലീസ്. പ്രതിഷേധങ്ങൾക്കായി ഔദ്യോഗികമായി അനുവദിച്ചിരുന്ന വേദി പട്ടികയിൽനിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയതിനു പിന്നാലെയാണ് റോഡുകളിലെ ഗതാഗത നിയന്ത്രണങ്ങൾ നീക്കിയത്. ഇതോടെ മാസങ്ങളായി അടച്ചിട്ടിരുന്ന സമീപ റോഡുകളിലൂടെ വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും യാത്ര ചെയ്യാനാകും. നവംബർ അഞ്ചിനാണ് നിയന്ത്രണങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.

ജൂലൈ 29 മുതൽ ജന്തർ മന്തറിന്റെ വിവിധ പ്രവേശനകവാടങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഏകദേശം 99 ദിവസത്തോളം നീണ്ട നിയന്ത്രണങ്ങൾ പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദൈനംദിന സഞ്ചാരത്തെ ബാധിച്ചു. നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ട് നേരിട്ട പ്രദേശവാസികളിൽ ചിലർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ജന്തർ മന്തറിനെ പ്രതിഷേധ വേദിയായി നിലനിർത്തുന്നത് ഉചിതമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശയെ തുടർന്നാണ് ഡൽഹി പൊലീസ് നടപടി സ്വീകരിച്ചത്. ഒക്ടോബർ 11ന് പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ പുറപ്പെടുവിച്ച ഉത്തരവിലൂടെ ജന്തർ മന്തറിന്റെ ഔദ്യോഗിക പ്രതിഷേധ വേദി എന്ന പദവി റദ്ദാക്കി.

പകരം മൂന്ന് വേദികളാണ് പ്രതിഷേധങ്ങൾക്കും പൊതുയോഗങ്ങൾക്കുമായി പൊലീസ് അനുവദിച്ചിരിക്കുന്നത്. മധ്യ ഡൽഹിയിലെ രാംലീല മൈതാനം, വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബുരാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണവ.

ഗതാഗതക്കുരുക്ക്, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, അടിയന്തര സേവനങ്ങളുടെ സുഗമമായ പ്രവർത്തനത്തിനുള്ള തടസം, സമീപത്തെ സർക്കാർ സ്ഥാപനങ്ങളുടെയും താമസമേഖലകളുടെയും സുരക്ഷ തുടങ്ങിയവയാണ് ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കാൻ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പ്രദേശത്ത് പ്രതിവർഷം 1,300-ലധികം പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കാറുണ്ടെന്നും ഒരേസമയം ഏകദേശം 1,500 പേർക്ക് മാത്രമാണ് ഇവിടെ സൗകര്യമുള്ളതെന്നും പൊലീസ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അതേസമയം, ജന്തർ മന്തറിന്റെ പ്രതിഷേധ വേദി പദവി റദ്ദാക്കിയ പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന നടപടിയാണിതെന്നാണ് വിമർശനം. ഡൽഹിയിലെ പ്രധാന രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കും സാമൂഹിക മുന്നേറ്റങ്ങൾക്കും വേദിയായിരുന്ന ജന്തർ മന്തറിന്റെ പദവി മാറ്റിയതിനെതിരായ ഹർജികൾ കോടതിയുടെ പരിഗണനയിലുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *