ഇറാനെ സഹായിച്ചെന്നാരോപണം; ഇന്ത്യൻ ദമ്പതികൾക്കും ഒൻപത് കമ്പനികൾക്കും യുഎസ് ഉപരോധം

ന്യൂഡൽഹി: ഇറാന്റെ എണ്ണക്കടത്തിലെ അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കാൻ സഹായിച്ചെന്നാരോപിച്ച് ഇന്ത്യക്കാരായ ദമ്പതികൾക്കും ഇവരുമായി ബന്ധമുള്ള കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ചണ്ഡീഗഢ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സുനിൽ കുമാർ ശർമ, ഭാര്യ ജസ്പ്രീത് പ്രീതി ഷാഹിദ് എന്നിവർക്കും ഇവരുമായി ബന്ധമുള്ള ഒൻപത് സ്ഥാപനങ്ങൾക്കുമെതിരെയാണ് യുഎസ് ട്രഷറി വകുപ്പ് നടപടി സ്വീകരിച്ചത്. ഇറാന്റെ എണ്ണക്കടത്തിന് സഹായം നൽകുന്ന ശൃംഖലയ്ക്കെതിരായ നടപടിയുടെ ഭാഗമായാണ് ഉപരോധമെന്ന് യുഎസ് അറിയിച്ചു.

ഇറാനിൽനിന്ന് പെട്രോളിയം ഉൽപന്നങ്ങൾ കടത്തുന്ന കപ്പലുകൾക്ക് വ്യാജ രജിസ്ട്രേഷനും സമുദ്രയാന സർട്ടിഫിക്കറ്റുകളും നൽകിയെന്നാണ് ദമ്പതികൾക്കെതിരായ പ്രധാന ആരോപണം. വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക സമുദ്ര രജിസ്ട്രേഷൻ അധികാരികളാണെന്ന് അവകാശപ്പെട്ട് വ്യാജ വെബ്സൈറ്റുകളും സ്ഥാപനങ്ങളും ഇവർ പ്രവർത്തിപ്പിച്ചിരുന്നതായി യുഎസ് ട്രഷറി ആരോപിച്ചു. ഗയാന, എസ്വാറ്റിനി, ലാവോസ് തുടങ്ങിയ രാജ്യങ്ങളുടെ പേരിൽ അനധികൃതമായി കപ്പൽ രജിസ്ട്രേഷൻ സേവനങ്ങൾ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.

2014 മുതൽ ഇത്തരം പ്രവർത്തനങ്ങൾ നടന്നുവരുന്നതായാണ് യുഎസിന്റെ കണ്ടെത്തൽ. 2023-ൽ സിംഗപ്പൂർ ആസ്ഥാനമായി എസ്വാറ്റിനി മാരിടൈം അഫയേഴ്സ് ആൻഡ് ഇന്റർനാഷണൽ ഷിപ്പ് രജിസ്ട്രി എന്ന സ്ഥാപനം ശർമ ആരംഭിച്ചതായും എസ്വാറ്റിനി അധികൃതർ ഈ സ്ഥാപനത്തിന് തങ്ങളുടെ രാജ്യത്തിന്റെ പേരിൽ കപ്പലുകൾ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടും പ്രവർത്തനം തുടർന്നതായും ട്രഷറി വകുപ്പ് ആരോപിച്ചു.

ഇറാന്റെ സൈന്യത്തിനും അവരുമായി ബന്ധമുള്ള സംഘടനകൾക്കും വേണ്ടി പ്രവർത്തിക്കുന്ന കപ്പലുകൾ ഉൾപ്പെടെ ഉപരോധം നേരിടുന്ന കപ്പലുകൾക്ക് വ്യാജ രേഖകൾ വഴി പ്രവർത്തനം തുടരാൻ ഈ ശൃംഖല സഹായിച്ചെന്നാണ് അമേരിക്കയുടെ വാദം.

ദമ്പതികൾക്കു പുറമെ ഇന്ത്യൻ പൗരന്മാരായ അശ്വനി കുമാർ ധിമാൻ, ഇഷ്വീന്ദർ സിങ് എന്നിവരെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദമ്പതികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഡയറക്ടർമാരായി പ്രവർത്തിച്ചുവെന്നാണ് ഇവർക്കെതിരായ ആരോപണം.

ഓഷ്യാനിക് ടെക്നോളജീസ് ഇന്ത്യ, ആര്യവർത്ത ഷിപ്പ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, പ്രിസെപ്റ്റ് ട്രെൻഡ്സ്, പോളിനേഷ്യ മാരിടൈം, അലക്സാര്യ ഫിൻസെർവ്, അലക്സാര്യ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്, വിഹാരബോട്ടിങ്, ആര്യവർത്ത മാരിടൈം ആൻഡ് എജ്യുക്കേഷണൽ ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളാണ് നടപടിയുടെ പരിധിയിൽ വരുന്നത്. ഇതിൽ എട്ട് സ്ഥാപനങ്ങൾ ഇന്ത്യയിലും ഒന്ന് സിംഗപ്പൂരിലുമാണ് പ്രവർത്തിക്കുന്നത്.

അതേസമയം, ഇറാനുമായി ബന്ധമുള്ള ആറ് വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് ഹാൻഡ്ലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകിയെന്നാരോപിച്ച് തുർക്കിയിലെ ഫ്യൂഗോ ഗ്രൗണ്ട് സർവീസസ് എന്ന സ്ഥാപനത്തിനും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ഉപരോധം നേരിടുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കൻ അധികാരപരിധിയിലുള്ള സ്വത്തുക്കളും സാമ്പത്തിക താൽപര്യങ്ങളും മരവിപ്പിക്കും. അമേരിക്കൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ഇവരുമായി ഇടപാടുകൾ നടത്തുന്നതിനും നിയന്ത്രണമുണ്ടാകും. ഇറാന്റെ എണ്ണവരുമാനം തടയുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *