രക്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഓൺലൈൻ പണം തട്ടിപ്പ്; രോഗികളുടെ ബന്ധുക്കളെ കബളിപ്പിക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത

കോഴിക്കോട്: അടിയന്തരമായി രക്തവും പ്ലേറ്റ്‌ലെറ്റുകളും ആവശ്യമുള്ള രോഗികളുടെ ബന്ധുക്കളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. രക്തം നൽകാമെന്ന് വാഗ്ദാനം നൽകി മൊബൈൽ റീചാർജിനും യാത്രാച്ചെലവിനുമെന്ന പേരിൽ ഓൺലൈനായി പണം കൈക്കലാക്കിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുന്ന സംഭവങ്ങളാണ് വ്യാപകമാകുന്നത്.

സമൂഹമാധ്യമങ്ങൾ, വാട്സ്ആപ്പ് കൂട്ടായ്മകൾ എന്നിവ വഴി രക്തത്തിനായി നൽകുന്ന അറിയിപ്പുകൾ നിരീക്ഷിച്ചാണ് ഇത്തരം സംഘങ്ങൾ ഇരകളെ കണ്ടെത്തുന്നത്. രോഗികളുടെ ജീവൻ രക്ഷിക്കാൻ ഏതുവിധേനയും രക്തം കണ്ടെത്താനുള്ള ബന്ധുക്കളുടെ വെപ്രാളം മുതലെടുത്ത് വിദ്യാർത്ഥികളെന്നോ സന്നദ്ധ പ്രവർത്തകരെന്നോ വ്യാജേനയാണ് ഇവർ ബന്ധപ്പെടുന്നത്. ആശുപത്രിയിൽ ഉടൻ എത്താ൦ എന്ന് വിശ്വസിപ്പിച്ച ശേഷം പെട്രോൾ അടിക്കാൻ പണമില്ലെന്നോ, ഫോൺ റീചാർജ് തീർന്നുപോയെന്നോ, യാത്രാക്കൂലി വേണമെന്നോ പറഞ്ഞ് യു.പി.ഐ (UPI) വഴി പണം ആവശ്യപ്പെടുകയാണ് പതിവ്.

ക്യാൻസർ ബാധിതരും ഐ.സി.യുവിൽ കഴിയുന്നവരുമായ രോഗികളുടെ ബന്ധുക്കളടക്കം നിരവധി പേർക്ക് ഇതിനകം പണം നഷ്ടപ്പെട്ടതായാണ് വിവരം. പണം അക്കൗണ്ടിലേക്ക് എത്തുന്ന നിമിഷം തന്നെ തട്ടിപ്പുകാർ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും പിന്നീട് ഇവരെ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നു. രക്തദാനത്തിന്റെ പേരിൽ മുൻകൂറായി പണം ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുതെന്നും, അംഗീകൃത ബ്ലഡ് ബാങ്കുകളെയോ ഔദ്യോഗിക സന്നദ്ധ സംഘടനകളെയോ പൊലീസിന്റെ പോൽ-ബ്ലഡ് (Pol-Blood) പോലുള്ള സംവിധാനങ്ങളെയോ നേരിട്ട് സമീപിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *