അമൃത്സറിലേക്ക് പോയ ട്രെയിനിൽ വൻ തീപിടിത്തം; നാല് ബോഗികൾ കത്തിനശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അമൃത്സർ: പഞ്ചാബിലെ രജ്പുരയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വൻ തീപിടിത്തം. അമൃത്സറിലേക്ക് സർവീസ് നടത്തുകയായിരുന്ന കർമഭൂമി എക്‌സ്പ്രസിലാണ് (12508) അപ്രതീക്ഷിതമായി തീ പടർന്നുപിടിച്ചത്. അപകടത്തിൽ ട്രെയിനിന്റെ നാല് ബോഗികൾ പൂർണ്ണമായും കത്തിനശിച്ചെങ്കിലും, സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. യാത്രക്കാരെല്ലാം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പാട്യാല ജില്ലയിലെ രജ്പുര റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം. ട്രെയിനിന്റെ ബോഗിക്കുള്ളിൽ നിന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ തന്നെ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തുകയായിരുന്നു. ട്രെയിൻ നിന്നയുടൻ യാത്രക്കാർ പരിഭ്രാന്തരായി വേഗത്തിൽ പുറത്തേക്ക് ഇറങ്ങിയോടിയതിനാലാണ് ആളപായം ഒഴിവായത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ നിരവധി യൂണിറ്റുകൾ മണിക്കൂറുകളോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് കാരണമെന്നതടക്കമുള്ള വിവരങ്ങളിൽ റെയിൽവേ അധികൃതരും പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *