കോടതി വിധി വേണ്ട, സംശയം തോന്നിയാൽ വിസ റദ്ദാക്കാം; ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

മെൽബൺ: ഓസ്‌ട്രേലിയയിലെ വിദേശ പൗരന്മാരെയും പ്രവാസി സമൂഹത്തെയും ഒന്നടങ്കം ബാധിക്കുന്ന വിസ ചട്ടങ്ങളിലെ സുപ്രധാന മാറ്റങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. വിസ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ‘ക്യാരക്ടർ ടെസ്റ്റ്’ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിച്ച് ‘മിനിസ്റ്റീരിയൽ ഡയറക്ഷൻ 123’ (Ministerial Direction 123) ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സ് നടപ്പിലാക്കി. കോടതി ശിക്ഷയോ കുറ്റകൃത്യം തെളിയിക്കപ്പെടലോ ഇല്ലാതെ തന്നെ, ഒരു വ്യക്തി ഭാവിയിൽ സമൂഹത്തിന് ഭീഷണിയായേക്കാം എന്ന സംശയത്തിന്റെയോ സാധ്യതയുടെയോ അടിസ്ഥാനത്തിൽ വിസ റദ്ദാക്കാനും നാടുകടത്താനും ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരം നൽകുന്നതാണ് പുതിയ വ്യവസ്ഥ.

മുൻപുണ്ടായിരുന്ന ഡയറക്ഷൻ 110-ന് പകരമായി മൈഗ്രേഷൻ നിയമത്തിലെ സെക്ഷൻ 501, 501CA എന്നിവയ്ക്ക് കീഴിലാണ് പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 31 മുതൽ ഉത്തരവ് രാജ്യവ്യാപകമായി നടപ്പിലായി.

പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം വിസ റദ്ദാക്കുന്നതിനോ അപേക്ഷ നിരസിക്കുന്നതിനോ തീരുമാനമെടുക്കുമ്പോൾ ഉദ്യോഗസ്ഥർ നാല് കാര്യങ്ങൾക്കാണ് പ്രാഥമിക പരിഗണന നൽകുന്നത്. ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ പൊതുസുരക്ഷ, ഗാർഹിക-കുടുംബ അതിക്രമങ്ങൾ, സമൂഹത്തിന്റെ പൊതുവായ പ്രതീക്ഷകൾ, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണം എന്നിവയാണ് പ്രധാന ഘടകങ്ങൾ. അതേസമയം, മുൻപ് വിസ റദ്ദാക്കലിൽ നിന്ന് വലിയ പരിരക്ഷ നൽകിയിരുന്ന ദീർഘകാല താമസവും കുടുംബബന്ധങ്ങളും ഇനി പ്രാഥമിക പരിഗണനയിൽ ഉൾപ്പെടില്ല. ഇവയെ ‘മറ്റ് പരിഗണനകൾ’ എന്ന രണ്ടാം നിരയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്.

ഗാർഹിക പീഡനത്തിന്റെ പരിധി കൂടുതൽ വിപുലീകരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ശാരീരിക ഉപദ്രവം മാത്രമല്ല, സാമ്പത്തിക ചൂഷണം, ഡിജിറ്റൽ അല്ലെങ്കിൽ ഇമേജ് അധിഷ്ഠിത അതിക്രമങ്ങൾ, ഓൺലൈൻ വഴിയുള്ള ശല്യപ്പെടുത്തലുകൾ എന്നിവയും ഇനി ഗാർഹിക പീഡനമായി കണക്കാക്കും. കൂടാതെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കൽ, വിദ്വേഷ പ്രസംഗങ്ങൾ, വംശീയ-മതവിദ്വേഷ അധിക്ഷേപങ്ങൾ എന്നിവ നടത്തുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.

ഒരു വിസ ഉടമ ഭാവിയിൽ രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ സമൂഹത്തിനോ ഭീഷണിയായേക്കാം എന്ന് അധികൃതർക്ക് തോന്നിയാൽ പോലും വിസ റദ്ദാക്കാനുള്ള അധികാരം ലഭിക്കുന്നതോടെ, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവരെ എളുപ്പത്തിൽ നാടുകടത്താൻ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂട്ടത്തോടെയുള്ള വിസ റദ്ദാക്കലുകൾ ഇതിലൂടെ ഉണ്ടാകില്ലെങ്കിലും, വ്യക്തിഗത തെളിവുകളുടെ അടിസ്ഥാനത്തിൽ കർശനമായ വിലയിരുത്തലുകൾ നടക്കുമെന്നതിനാൽ വിസ ഉടമകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *