ന്യൂഡൽഹി: ദക്ഷിണ ചൈനാക്കടലിൽ ചൈനയുമായുള്ള സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്ന് കൂടുതൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ വാങ്ങാൻ ഫിലിപ്പീൻസ്. ഏകദേശം 700–800 ദശലക്ഷം ഡോളർ (ഏകദേശം 6,300–7,200 കോടി രൂപ) ചെലവു പ്രതീക്ഷിക്കുന്ന പുതിയ ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഏകദേശം അഞ്ച് ബ്രഹ്മോസ് സംവിധാനങ്ങളും 60ഓളം മിസൈലുകളുമാണ് ഫിലിപ്പീൻസ് അധികമായി വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. 2022ൽ ഒപ്പുവച്ച 375 ദശലക്ഷം ഡോളറിന്റെ കരാർ പ്രകാരമുള്ള മിസൈൽ വിതരണം പൂർത്തിയാകുന്നതിനോടനുബന്ധിച്ചാണ് പുതിയ നീക്കം.
ഫിലിപ്പീൻസ് പ്രതിരോധ സെക്രട്ടറി ഗിൽബെർട്ടോ തിയോഡോറോ നവംബർ അഞ്ചിന് ഡൽഹിയിൽ നടന്ന മൂന്നാമത് ഡൽഹി ഡിഫൻസ് ഡയലോഗിൽ ഓൺലൈനായി പങ്കെടുത്ത് കൂടുതൽ ബ്രഹ്മോസ് മിസൈൽ സംവിധാനങ്ങൾ സ്വന്തമാക്കാനുള്ള രാജ്യത്തിന്റെ താൽപര്യം വ്യക്തമാക്കിയിരുന്നു. ഫിലിപ്പീൻസിന്റെ ഭൂപ്രകൃതിക്കും ഗതാഗതസൗകര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ മിസൈൽ സംവിധാനം പരിഷ്കരിക്കാനുള്ള നിർദേശങ്ങളുടെ പട്ടിക ഇന്ത്യൻ അധികൃതർക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ദ്വീപസമൂഹമായ ഫിലിപ്പീൻസിൽ ആയുധങ്ങൾ വിവിധ ദ്വീപുകളിലേക്ക് എത്തിക്കുന്നതിനുള്ള വെല്ലുവിളികളും അദ്ദേഹം ചൂണ്ടിക്കാട്ടി
2022 ജനുവരിയിലാണ് ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ 375 ദശലക്ഷം ഡോളറിന്റെ ആദ്യ ബ്രഹ്മോസ് കരാർ ഒപ്പുവച്ചത്. കരാർ പ്രകാരം തീരദേശ പ്രതിരോധത്തിനായി മൂന്ന് മിസൈൽ ബാറ്ററികളാണ് കൈമാറുന്നത്. ഇതിന്റെ ആദ്യ ബാച്ച് 2024 ഏപ്രിലിൽ ഫിലിപ്പീൻസിലെത്തി. ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് വാങ്ങുന്ന ആദ്യ വിദേശ രാജ്യമാണ് ഫിലിപ്പീൻസ്.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂസ് മിസൈലുകളിൽ ഒന്നാണ്. കര, കടൽ, വായു സംവിധാനങ്ങളിൽനിന്ന് വിക്ഷേപിക്കാനാകും. ശബ്ദത്തിന്റെ വേഗത്തിന്റെ ഏകദേശം 2.8 മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈൽ ശത്രുകപ്പലുകളെ ലക്ഷ്യമിടുന്നതിനും തീരദേശ പ്രതിരോധത്തിനും ഉപയോഗിക്കാം.
ദക്ഷിണ ചൈനാക്കടലിലെ തർക്കപ്രദേശങ്ങളിൽ ചൈനീസ് കപ്പലുകളും ഫിലിപ്പീൻസ് കപ്പലുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധശേഷി വർധിപ്പിക്കാൻ മനില ശ്രമിക്കുന്നത്. ബ്രഹ്മോസ് മിസൈലുകൾ തീരദേശ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ചൈനയുടെ സൈനിക നീക്കങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് ഫിലിപ്പീൻസിന്റെ വിലയിരുത്തൽ.
അതേസമയം, പുതിയ കരാറിന്റെ അന്തിമ രൂപമോ ഔദ്യോഗിക ഒപ്പുവയ്ക്കൽ തീയതിയോ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വിപണി വിപുലീകരിക്കുന്നതിലും ഫിലിപ്പീൻസുമായുള്ള തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്തുന്നതിലും പുതിയ ഇടപാടിന് പ്രാധാന്യമുണ്ട്.

