തിരുവനന്തപുരം: ആശുപത്രികളിലെ ചികിത്സാ പിഴവുകളും സുരക്ഷാ വീഴ്ചകളും ഒഴിവാക്കുന്നതിനായി ആരോഗ്യപ്രവർത്തകർക്ക് ഭയമില്ലാതെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനും പരിഹാരനടപടികൾ നിർദേശിക്കാനും കഴിയുന്ന തൊഴിൽസംസ്കാരം വളർത്തിയെടുക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. രോഗീസുരക്ഷ ഉറപ്പാക്കേണ്ടത് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മാത്രം ചുമതലയല്ലെന്നും ആശുപത്രി ഭരണനേതൃത്വം മുതൽ എല്ലാ ജീവനക്കാർക്കും ഇതിൽ കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും തിരുവനന്തപുരം മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച ‘സേഫ്കോൺ’ സമ്മേളനവും ‘സ്റ്റീരിയോസർജ്’ സംവിധാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മരുന്നുകളുടെ കൃത്യത ഉറപ്പാക്കുക, കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യാതിരിക്കുക, ശസ്ത്രക്രിയകളുടെ സുരക്ഷ ഉറപ്പുവരുത്തുക, അണുബാധ നിയന്ത്രിക്കുക, രോഗികളുടെ വിവരങ്ങൾ കൃത്യമായി കൈമാറുക തുടങ്ങിയ കാര്യങ്ങളിൽ ജീവനക്കാർക്ക് പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ചികിത്സയ്ക്കിടെ സംഭവിക്കാവുന്ന അപകടങ്ങളും പിഴവുകളും മുൻകൂട്ടി തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് ‘സേഫ്കോൺ’ പോലുള്ള സമ്മേളനങ്ങൾ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ തുറന്നുപറയുന്ന ആരോഗ്യപ്രവർത്തകരെ ശിക്ഷിക്കുന്നതിന് പകരം വീഴ്ചകളുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. ചികിത്സാപിഴവ് സംബന്ധിച്ച പരാതികളിൽ സ്വതന്ത്രവും വിദഗ്ധവുമായ അന്വേഷണം നടത്തി വസ്തുതകൾ പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും എന്നാൽ ബോധപൂർവ്വമായ വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ ആശുപത്രികളിലെ സേവനങ്ങളുടെ ഗുണനിലവാരം കുറയാൻ അനുവദിക്കില്ലെന്നും മന്ത്രി ഉറപ്പുനൽകി. സർക്കാർ മെഡിക്കൽ കോളേജുകളെ കൂടുതൽ മികച്ച ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഒരേ നിലവാരത്തിലുള്ള ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കും. കൂടാതെ, ചികിത്സാപിഴവുകൾ പൂർണ്ണമായും ഇല്ലാതാക്കാൻ ആശുപത്രികളിൽ പഠനവും സ്വയംവിലയിരുത്തലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. അജയ് അലക്സ് ‘സ്റ്റീരിയോസർജ്’ സംവിധാനത്തിന്റെ പ്രവർത്തനരീതി വിശദീകരിച്ചു. സി.ടി., എം.ആർ.ഐ. സ്കാനുകളിലൂടെ ലഭിക്കുന്ന മനുഷ്യശരീരത്തിന്റെ ആന്തരിക ഭാഗങ്ങളുടെ ചിത്രങ്ങൾ ത്രിമാനരൂപത്തിൽ (3D) ദൃശ്യവൽക്കരിക്കാൻ സഹായിക്കുന്ന ആധുനിക സാങ്കേതികവിദ്യയാണിത്. ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സാനടപടികൾ കൂടുതൽ കൃത്യതയോടെ ആസൂത്രണം ചെയ്യാനും ശരീരത്തിലെ സങ്കീർണ്ണമായ ഘടനകൾ വ്യക്തമായി മനസ്സിലാക്കാനും ഈ സംവിധാനം ഏറെ സഹായകമാകും. ശ്രീചിത്രയിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പായ ബറോൺ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

