ന്യൂഡൽഹി: ദേശീയ ഗീതമായ ‘വന്ദേമാതരം’ ചിട്ടപ്പെടുത്തിയിട്ട് 151 വർഷങ്ങൾ പൂർത്തിയായ ചരിത്രമുഹൂർത്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ദേശസ്നേഹികൾക്ക് ധൈര്യവും ഐക്യവും ദൃഢനിശ്ചയവും പകർന്നുനൽകിയ ഗാനമാണ് ‘വന്ദേമാതരം’ എന്ന് രാഷ്ട്രപതി അനുസ്മരിച്ചു.
ആത്മാഭിമാനത്തിന്റെയും മാതൃഭൂമിയോടുള്ള നിസ്തുലമായ സമർപ്പണബോധത്തിന്റെയും ജ്വലിക്കുന്ന പ്രതീകമായി ‘വന്ദേമാതരം’ ഇന്നും ജനമനസ്സുകളിൽ നിലകൊള്ളുന്നുവെന്ന് രാഷ്ട്രപതി സമൂഹമാധ്യമത്തിൽ കുറിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യപോരാട്ടത്തിൽ വിപ്ലവകരമായ സ്വാധീനം ചെലുത്തിയ ദേശീയ ഗീതത്തിന്റെ ഓർമ്മകൾ പുതുക്കുന്നതാണ് ഈ ചരിത്ര സന്ദർഭമെന്നും അവർ വ്യക്തമാക്കി.

