ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പ്രവാസി ക്ഷേമപദ്ധതികൾ ലഭ്യമാക്കുന്നതിനായി ‘പ്രവാസി സാഥി’ സർവീസ് ഡെസ്ക് ആരംഭിച്ചു. ഇന്ത്യൻ സമൂഹത്തിലെ അർഹരായ മുഴുവൻ അംഗങ്ങളും സർവീസ് ഡെസ്കിൽ പേര് രജിസ്റ്റർ ചെയ്ത് തങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷിതമായ ഭാവിക്കായി ഏർപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് പുറമെ, കേരളത്തിന്റെ നോർക്ക (NORKA), തമിഴ്നാടിന്റെ എൻ.ആർ.ടി.ഡബ്ല്യു.ബി (NRTWB), ആന്ധ്രാപ്രദേശിന്റെ എ.പി.എൻ.ആർ.ടി.എസ് (APNRTS) ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ പ്രവാസി ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികളും ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നു. വിവിധ ഇൻഷുറൻസ് പദ്ധതികൾ, പെൻഷൻ, സ്കോളർഷിപ്പുകൾ, മറ്റ് ക്ഷേമപദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അപേക്ഷിക്കാനുള്ള സൗകര്യവും സർവീസ് ഡെസ്കിൽ ഒരുക്കിയിട്ടുണ്ട്.
സർവീസ് ഡെസ്കിൽ നേരിട്ടെത്തുന്നവർക്കായി പൂർണ്ണമായ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യങ്ങളും ആവശ്യമായ സഹായങ്ങളും ലഭ്യമാണ്. എന്നാൽ, പദ്ധതികളിലേക്കുള്ള ഫീസ് പേയ്മെന്റുകൾ ഓൺലൈൻ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
തുമാമയിലെ ടെയ്സീർ പെട്രോൾ സ്റ്റേഷന് പിന്നിലാണ് സർവീസ് ഡെസ്ക് പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12:00 മണി മുതൽ വൈകിട്ട് 7:00 മണി വരെ സേവനം ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കുമായി 7786 7794, 5500 2548 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

