ജറുസലം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാദി ഐസൻകോട്ടിന് ലഭിക്കുന്നു. നിലവിലെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ ഐസൻകോട്ടിനെ സർക്കാർ രൂപീകരണ ചർച്ചകൾക്കായി ഔദ്യോഗികമായി ക്ഷണിച്ചതായി പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ വക്താവ് അറിയിച്ചു.
120 അംഗങ്ങളുള്ള പാർലമെന്റായ നെസെറ്റിൽ കേവലഭൂരിപക്ഷമായ 61 സീറ്റുകൾ സ്വന്തമാക്കാൻ ഇരുപക്ഷത്തിനും ഒറ്റയ്ക്ക് സാധിച്ചിരുന്നില്ല. നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ, ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളാണ് ലഭിച്ചത്. ഇതോടെ നിർണായകമായ 19 സീറ്റുകൾ നേടിയ അറബ് പാർട്ടികൾ ഐസൻകോട്ടിന്റെ ‘യാഷർ’ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിന് വഴിതുറന്നത്.
അതേസമയം, ഭീകരവാദികളെ പിന്തുണയ്ക്കുന്നവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നും ഒരു ഐക്യ സർക്കാർ രൂപീകരിക്കാൻ തയാറാകണമെന്നും ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടു. എന്നാൽ, ഹമാസിനെ ഭീകര സംഘടനയായി അംഗീകരിക്കുന്ന കക്ഷികളെ മാത്രമേ തങ്ങളുടെ സർക്കാരിന്റെ ഭാഗമാക്കൂ എന്ന് ഐസൻകോട്ടിന്റെ പാർട്ടിയായ യാഷർ വ്യക്തമാക്കിയിട്ടുണ്ട്.

