മെൽബൺ: സ്തനാർബുദ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്ന പുതിയ ഡിഎൻഎ ‘സ്വിച്ച്’ ശാസ്ത്രജ്ഞർ കണ്ടെത്തി. അർബുദ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ഈ കണ്ടെത്തൽ. അഡ്ലെയ്ഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ, സൗത്ത് ഓസ്ട്രേലിയൻ ഇമ്മ്യൂണോജെനോമിക്സ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, സൗത്ത് ഓസ്ട്രേലിയൻ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലെ ഓസ്ട്രേലിയൻ ഗവേഷകരും ഫ്രാൻസിലെ ബോർഡോ സർവകലാശാലയിലെ വിദഗ്ദ്ധരും സംയുക്തമായാണ് ഈ ഗവേഷണം നടത്തിയത്. പഠനം ‘npj ബ്രെസ്റ്റ് കാൻസർ’ എന്ന പ്രമുഖ ജേണലിൽ പ്രസിദ്ധീകരിച്ചു.
സ്തനാർബുദ ബാധിതരിൽ 80 ശതമാനത്തോളം പേരിലും ഈസ്ട്രജൻ ഹോർമോണാണ് ട്യൂമർ വളർച്ചയ്ക്ക് കാരണമാകുന്നത് (ഈസ്ട്രജൻ റിസപ്റ്റർ പോസിറ്റീവ് – ER+). എന്നാൽ, ആൻഡ്രോജൻ എന്ന മറ്റൊരു ഹോർമോൺ റിസപ്റ്ററിന് ഈ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സാധിക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിരുന്നു. ഇതിന് പിന്നിലെ കാരണങ്ങൾ തേടിയുള്ള അന്വേഷണമാണ് പുതിയ വഴിത്തിരിവിലെത്തിയത്.
നേരത്തെ ZBTB16 എന്ന ജീനാണ് ഈ വളർച്ചയെ പ്രതിരോധിക്കാൻ സഹായിക്കുന്നതെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പുതിയ പഠനത്തിൽ ZBTB16 ജീൻ നേരിട്ടല്ല ഇതിന് കാരണമാകുന്നതെന്നും, പകരം ഈ ജീനിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ചെറിയ റെഗുലേറ്ററി ഡിഎൻഎ മേഖലയാണ് (‘HRRINT3’ എന്ന ജീൻ എൻഹാൻസർ) ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ഡിഎൻഎ ‘സ്വിച്ച്’ നീക്കം ചെയ്തപ്പോൾ, ആൻഡ്രോജൻ റിസപ്റ്ററിന് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ ഫലപ്രദമായി തടയാൻ സാധിച്ചില്ലെന്ന് ഗവേഷകർ വ്യക്തമാക്കി.
മാത്രമല്ല, ഈ സ്വിച്ച് നീക്കം ചെയ്തപ്പോൾ മറ്റ് സ്തനാർബുദ, പ്രോസ്റ്റേറ്റ് ക്യാൻസർ മോഡലുകളിലും കോശങ്ങളുടെ വളർച്ച അതിവേഗം വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത് പലതരം അർബുദങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്നതിൽ ഈ ഡിഎൻഎ സ്വിച്ചിന് വലിയ പങ്കുണ്ടെന്നതിന്റെ സൂചനയാണ് നൽകുന്നത്. ഹോർമോൺ തെറാപ്പികളോട് പ്രതികരിക്കാത്ത, രോഗം മൂർച്ഛിച്ച രോഗികൾക്ക് കൂടുതൽ ഫലപ്രദമായ പുതിയ ചികിത്സാരീതികൾ വികസിപ്പിക്കാൻ ഈ സുപ്രധാന കണ്ടെത്തൽ വഴിതുറക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ആമി ഡ്വയറും ഡോ. സിയാദ് നാസറും ചൂണ്ടിക്കാട്ടി.

