നികുതിപ്പണത്തിൽ ഗർഭച്ഛിദ്രം സൗജന്യമാക്കുന്ന വിക്ടോറിയൻ രാഷ്ട്രീയം: ജീവന്റെ മൂല്യം മറക്കുന്ന തിരഞ്ഞെടുപ്പ് നാടകങ്ങള്‍

ജിജുമോന്‍ കുഴിവില്‍

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രധാന രാഷ്ട്രീയ പാർട്ടികൾ ഒത്തുചേർന്ന് ഗർഭച്ഛിദ്രം പൂർണ്ണമായും സൗജന്യമാക്കാൻ ഒരുങ്ങുന്നത് വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഒക്ടോബർ 15-നാണ് ഭരണകക്ഷിയായ ലേബർ സർക്കാർ സംസ്ഥാനത്ത് ഗർഭച്ഛിദ്ര നടപടികൾ, മരുന്നുകൾ, സ്കാനിംഗുകൾ, വിദൂര പ്രദേശങ്ങളിൽ നിന്നുള്ള യാത്രാച്ചെലവുകൾ എന്നിവ പൂർണ്ണമായും സൗജന്യമാക്കുമെന്നും ഇതിനായി 30 ദശലക്ഷം ഡോളറിന്റെ നികുതിപ്പണം ചെലവഴിക്കുമെന്നും പ്രഖ്യാപിച്ചത്. എന്നാൽ ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തെക്കാൾ ജനങ്ങളെ ഞെട്ടിച്ചത് പ്രധാന പ്രതിപക്ഷമായ ലിബറൽ പാർട്ടിയുടെ നിലപാടാണ്. പരമ്പരാഗതമായി സദാചാര-ധാർമിക മൂല്യങ്ങളെയും ജീവന്റെ പക്ഷത്തെയും അനുകൂലിക്കുന്ന വോട്ടർമാരുടെ പിന്തുണയുള്ള ലിബറൽ പാർട്ടിയുടെ നേതാവ് ജെസ് വിൽസൺ, മണിക്കൂറുകൾക്കകം തന്നെ ലേബർ പാർട്ടിയുടെ നിലപാടിനൊപ്പം ചേരുകയും തങ്ങൾ അധികാരത്തിൽ വന്നാലും ഗർഭച്ഛിദ്ര നിയമങ്ങളിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇരു മുന്നണികളുടെയും ഈ കൂട്ടുകെട്ടിനെതിരെ മുൻ എംപിയായ ജോർജ്ജ് റോബർട്ട് ക്രിസ്റ്റെൻസൻ ശക്തമായ ജനകീയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലിബറൽ പാർട്ടി നേതാവ് ഈ വാഗ്ദാനത്തിൽ നിന്ന് ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആരംഭിച്ച ഭീമഹർജിയിൽ ആയിരക്കണക്കിന് ആളുകളാണ് ഇതിനകം ഒപ്പുവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന നവംബർ 28-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി, നവംബർ 13 വെള്ളിയാഴ്ച ജെസ് വിൽസന്റെ ഓഫീസിലേക്ക് ഈ നിവേദനം നേരിട്ട് സമർപ്പിക്കുമെന്നാണ് ക്രിസ്റ്റെൻസൻ അറിയിച്ചിരിക്കുന്നത്.

ഈ രാഷ്ട്രീയ സംഭവവികാസങ്ങൾ കത്തോലിക്കാ സഭയുടെയും ജീവന്റെ സംസ്കാരം മുറുകെപ്പിടിക്കുന്ന വിശ്വാസി സമൂഹത്തിന്റെയും മനസ്സാക്ഷിയെ കഠിനമായി മുറിവേൽപ്പിക്കുന്ന ഒന്നാണ്. കത്തോലിക്കാ വിശ്വാസമനുസരിച്ച് ഗർഭധാരണ നിമിഷം മുതൽ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യജീവനും പവിത്രവും അലംഘനീയവുമാണ്. ഗർഭപാത്രത്തിൽ തുടിക്കുന്ന ജീവൻ ദൈവത്തിന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഒരു വ്യക്തിയാണ്. ആ കുഞ്ഞുങ്ങളുടെ ജീവൻ അവസാനിപ്പിക്കാനായി പൊതുജനങ്ങളുടെ വിയർപ്പിന്റെ ഫലമായ നികുതിപ്പണം കോടികൾ ചെലവഴിക്കുന്നത് ജീവന്റെ പക്ഷത്തു നിൽക്കുന്ന വിശ്വാസികളെ തിന്മയുടെ ഭാഗമാക്കാൻ നിർബന്ധിക്കുന്നതിന് തുല്യമാണ്.

‘സ്ത്രീകളുടെ ചോയ്സ്’ എന്ന ലേബലിൽ ഭരണകൂടം ഇത്തരം പദ്ധതികൾ കൊണ്ടുവരുമ്പോൾ, മെൽബൺ ആർച്ച്ബിഷപ്പ് പീറ്റർ കൊമെൻസോളി ഉയർത്തിയ കാതലായ ചോദ്യം ഇവിടെ ഏറെ പ്രസക്തമാകുന്നു. ഗർഭം അവസാനിപ്പിക്കാൻ എല്ലാ ചെലവുകളും വഹിക്കാൻ തയ്യാറാകുന്ന ഭരണകൂടം, ഒരു കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട ഒരമ്മയ്ക്ക് എന്തു സഹായമാണ് നൽകുന്നത്? വാടക നൽകാൻ ബുദ്ധിമുട്ടുന്ന, ഗർഭകാല ചികിത്സകൾക്കും പരിശോധനകൾക്കും പണമില്ലാതെ വലയുന്ന, ഒരു കുഞ്ഞിനെ വളർത്താൻ സാമ്പത്തികമായി പാടുപെടുന്ന അമ്മമാർക്ക് യാതൊരു സഹായവും പ്രഖ്യാപിക്കാതെ, കുഞ്ഞിനെ ഇല്ലാതാക്കാനുള്ള വഴി മാത്രം സൗജന്യമാക്കിക്കൊടുക്കുന്നത് യഥാർത്ഥത്തിൽ അവരെ മരണത്തിന്റെ വഴി തിരഞ്ഞെടുക്കാൻ പരോക്ഷമായി നിർബന്ധിക്കലാണ്. അവിടെ ചോയ്സ് അല്ല, മറിച്ച് സമ്മർദ്ദമാണ് സംഭവിക്കുന്നത്.

വോട്ടുബാങ്കിനും മാധ്യമ ശ്രദ്ധയ്ക്കും വേണ്ടി അടിസ്ഥാന ധാർമികത കാറ്റിൽപ്പറത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കുള്ള മുന്നറിയിപ്പാണ് ഈ പ്രതിഷേധം. സംരക്ഷിക്കാൻ ആരുമില്ലാത്ത ഗർഭസ്ഥ ശിശുക്കളുടെ വക്താക്കളാകാനും, ഭരണകൂടം ഔദ്യോഗികമായി സ്പോൺസർ ചെയ്യുന്ന മരണത്തിന്റെ സംസ്കാരത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനും ഓരോ ക്രൈസ്തവനും കടമയുണ്ടെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.

ജീവന്റെ പക്ഷത്തു നിൽക്കുന്ന ഓരോ വിശ്വാസിക്കും ഈ നീതികേടിനെതിരെ വിരലനക്കാനുള്ള അവസരമാണിത്. ഗർഭച്ഛിദ്രം സൗജന്യമാക്കാനുള്ള പ്രഖ്യാപനത്തിൽ നിന്ന് ലിബറൽ പാർട്ടി പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ നിവേദനത്തിൽ വെറും 30 സെക്കൻഡുകൾ കൊണ്ട് പങ്കുചേരാവുന്നതാണ്. തിരഞ്ഞെടുപ്പിന് മുൻപായി നവംബർ 13-ന് ജെസ് വിൽസന്റെ ഓഫീസിലേക്ക് സമർപ്പിക്കുന്ന ഈ പെറ്റീഷനിൽ താഴെ കാണുന്ന ലിങ്ക് വഴി ഒപ്പുവെക്കാനും മറ്റുള്ളവരിലേക്ക് പങ്കുവെക്കാനും വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു:

https://cgo.ac/scEX6PHNz

Leave a Reply

Your email address will not be published. Required fields are marked *