പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു; വിടവാങ്ങിയത് പുലിമുരുകൻ ഉൾപ്പെടെ അമ്പതിലേറെ ചിത്രങ്ങളുടെ ക്യാമറാമാൻ

കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ (57) അന്തരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലിമുരുകൻ, നരൻ, ഒടിയൻ, തുടരും തുടങ്ങി അമ്പതിലേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.

ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി ശനിയാഴ്ച രാത്രി ആലപ്പുഴയിലെ ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് ഷാജികുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിവരം അറിഞ്ഞ ചിത്രത്തിന്റെ സംവിധായകൻ ഉല്ലാസ് കൃഷ്ണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽനിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആരോഗ്യനില വീണ്ടും വഷളായി.

2001ൽ പുറത്തിറങ്ങിയ ‘ഉത്തമൻ’ ആണ് ആദ്യ ചിത്രം. തുടർന്ന് മലയാള സിനിമയിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായി. ഷാജി കൈലാസ്, ജോഷി, വിനയൻ, വൈശാഖ്, തരുൺ മൂർത്തി തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, പത്തൊമ്പതാം നൂറ്റാണ്ട്, ബാന്ദ്ര തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ ‘അതിമനോഹരം’, സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’ എന്നിവയാണ് അവസാനമായി ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ. ‘അതിമനോഹരം’ അടുത്ത മാസം അവസാനം റിലീസ് ചെയ്യാനിരിക്കെയാണ് മരണം.

തിരുവനന്തപുരം സ്വദേശിയായ ഷാജികുമാർ ദീർഘകാലമായി പെരുമ്പാവൂരിലാണ് താമസിച്ചിരുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ പൊതുദർശനം ക്രമീകരിച്ചു. വൈകിട്ട് ഏഴിന് പെരുമ്പാവൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മക്കൾ: ആര്യൻ, സൂര്യൻ

Leave a Reply

Your email address will not be published. Required fields are marked *