ധാക്ക: ഇന്ത്യയിൽ കഴിയുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ ശക്തമാക്കി. പുതിയ പാസ്പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ അപേക്ഷ നൽകി. 2024 ഓഗസ്റ്റിൽ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം ബംഗ്ലാദേശ് അധികൃതരുമായി നേരിട്ടുള്ള ആശയവിനിമയത്തിനുള്ള ആദ്യ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
നിലവിലുള്ള ബംഗ്ലാദേശ് പാസ്പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും ഇടക്കാല സർക്കാർ റദ്ദാക്കിയതായി ചൂണ്ടിക്കാട്ടിയാണ് ലണ്ടൻ ആസ്ഥാനമായുള്ള മാട്രിക്സ് ചേംബേഴ്സിലെ അഭിഭാഷകർ പുതിയ രേഖകൾ ആവശ്യപ്പെട്ടത്. അപേക്ഷ എത്രയും വേഗം പരിഗണിക്കണമെന്നും ബംഗ്ലാദേശ് പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ രേഖകൾ അനുവദിക്കണമെന്നുമാണ് അഭിഭാഷകർ ഹൈക്കമ്മീഷന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങി കോടതിയിൽ കീഴടങ്ങാനാണ് പദ്ധതിയെന്ന് ഹസീന നേരത്തെ റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിരുന്നു. മടങ്ങിവരുന്ന തീയതി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായശേഷം പ്രഖ്യാപിക്കുമെന്ന് അവരുടെ സഹായികളും അറിയിച്ചു. അറസ്റ്റോ തടവോ വധശിക്ഷയോ നേരിടേണ്ടിവന്നാലും നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം മാറ്റില്ലെന്നാണ് ഹസീനയുടെ നിലപാട്.
അതേസമയം, ഹസീനയുടെ അപേക്ഷയോട് ബംഗ്ലാദേശ് സർക്കാർ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. പുതിയ യാത്രാരേഖകൾ അനുവദിക്കുന്നതിനുള്ള നിയമപരമായ സാഹചര്യം പരിശോധിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കി. ഹസീന ഗൗരവത്തോടെയാണ് മടങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇന്ത്യയോട് കൈമാറൽ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്തിയ സംഭവങ്ങളുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയ്ക്ക് അവരുടെ അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചിരുന്നു. കുറ്റാരോപണങ്ങൾ ഹസീന നിഷേധിക്കുകയും വിചാരണ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
2024 ഓഗസ്റ്റ് അഞ്ചിനാണ് വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് അവരുടെ അവാമി ലീഗ് പാർട്ടിക്ക് ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. 2026 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലെത്തി താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി.
ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൈമാറൽ സംബന്ധിച്ച അപേക്ഷ നിലവിലുള്ള നിയമനടപടികൾക്കനുസരിച്ച് പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഹസീനയുടെ മടക്കം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിലും ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിലും നിർണായക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

