കണ്ണൂർ: പ്രകൃതി കനിഞ്ഞുനൽകുന്ന മഴവെള്ളം അത്യാധുനിക രീതിയിൽ ശുദ്ധീകരിച്ച് കുപ്പിയിലാക്കി വിപണിയിലെത്തിക്കുന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യത്തെ സംരംഭം കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കേളകത്ത് ഒരുങ്ങുന്നു. പ്ലൂവിയ (Pluvia) എന്ന ബ്രാൻഡ് നാമത്തിലാണ് ഈ പ്രകൃതിദത്ത മഴവെള്ളം വിപണിയിലെത്തുന്നത്. ലാറ്റിൻ ഭാഷയിൽ “മഴ” എന്നാണ് ‘പ്ലൂവിയ’ എന്ന വാക്കിന്റെ അർത്ഥം.
പശ്ചിമഘട്ടത്തിലെ വനമേഖലയിൽ പെയ്യുന്ന മഴവെള്ളം ഭൂമിയിൽ പതിക്കുന്നതിന് തൊട്ടുമുൻപ് പ്രത്യേക സംവിധാനത്തിലൂടെ ശേഖരിച്ച്, റിവേഴ്സ് ഓസ്മോസിസ് ഉൾപ്പെടെയുള്ള വിപുലമായ സാങ്കേതിക പ്രക്രിയകളിലൂടെ പൂർണ്ണമായും ശുദ്ധീകരിച്ചാണ് കുപ്പികളിലാക്കുന്നത്. അമേരിക്കയിലെ ‘റിച്ചാർഡ്സ് റെയിൻവാട്ടർ’ ആണ് ലോകത്താദ്യമായി മഴവെള്ളം കുപ്പിയിലാക്കി വിപണിയിലെത്തിച്ചത്. ഈ വിഭാഗത്തിൽ ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ആദ്യത്തെയും സംരംഭമാണ് കണ്ണൂരിലേതെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
കേരള റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ വേറിട്ട സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. റിജോ ചാക്കോ മാനേജിംഗ് ഡയറക്ടറായ കമ്പനിയിൽ ജെയ്സൺ ജോസഫ്, റോബിൻ സി ജോയ്, ഡിബിൻ സി ബെന്നി, ബെന്നി സി മാത്യു എന്നിവരാണ് മറ്റ് ഡയറക്ടർമാർ. പദ്ധതിക്കായുള്ള പ്ലാന്റിന്റെ നിർമാണം ഇതിനകം കേളകത്ത് പൂർത്തിയായിക്കഴിഞ്ഞു.
ആദ്യഘട്ടത്തിൽ വിദേശ വിപണികളെ ലക്ഷ്യമിടുന്നതിനൊപ്പം ഇന്ത്യയിലെ അഞ്ച് പ്രമുഖ മെട്രോ നഗരങ്ങളിലും പ്ലൂവിയ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രീമിയം ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, വൻകിട സൂപ്പർമാർക്കറ്റുകൾ എന്നിവയിലൂടെയാകും ഉൽപ്പന്നത്തിന്റെ വിതരണം. മഴയുടെ നാടായ കേരളത്തിൽ നിന്ന് മഴവെള്ളം തന്നെ ഒരു ബ്രാൻഡ് ഉൽപ്പന്നമായി ലോകവിപണിയിലേക്ക് കുതിക്കുന്നത് മലയാളിക്ക് അഭിമാനകരമായ നേട്ടമായി മാറുകയാണ്.

