സിഡ്നി: സിഡ്നിയുടെ ഇന്നർ വെസ്റ്റിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കൗമാരക്കാരായ മൂന്ന് പെൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഉച്ചയ്ക്ക് 1:30 ഓടെ സ്ട്രാത്ത്ഫീൽഡിലെ റിക്ബാർഡ് റോഡിന് സമീപമുള്ള ലിവർപൂൾ റോഡിലാണ് അപകടമുണ്ടായത്. 18 വയസ്സുള്ള പെൺകുട്ടി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൽ 17 വയസ്സുള്ള മറ്റ് രണ്ട് പെൺകുട്ടികൾ കൂടി ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ പെൺകുട്ടികളെ അഗ്നിശമന സേനാംഗങ്ങൾ വാഹനം മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്.
പരിക്കേറ്റവരിൽ 17 വയസ്സുകാരിയായ ഒരു യാത്രക്കാരിയുടെ നില അതീവ ഗുരുതരമാണ്. കുട്ടിയെ റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരെ പരിക്കുകളോടെ വെവ്വേറെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തെ തുടർന്ന് ലിവർപൂൾ റോഡിൽ ഗതാഗത തടസ്സം നേരിട്ടു. റോഡ് താൽക്കാലികമായി അടച്ചുപൂട്ടി. അപകട കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളോ ഡാഷ്‌കാം ദൃശ്യങ്ങളോ ഉള്ളവർ വിവരങ്ങൾ പങ്കുവെക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

