ന്യൂഡൽഹി: ഉപയോഗശൂന്യമായ വസ്തുക്കളും കാലഹരണപ്പെട്ട സാമഗ്രികളും ഉൾപ്പെടെയുള്ള ആക്രി സാധനങ്ങൾ വിറ്റഴിച്ച് ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിച്ചത് 628.49 കോടി രൂപ. സാധനങ്ങൾ നീക്കം ചെയ്തതിലൂടെ 6,20,121 ചതുരശ്ര അടി സ്ഥലം (ഏകദേശം 14.23 ഏക്കർ) ഒഴിപ്പിക്കാനും സാധിച്ചു.
2026 ഒക്ടോബർ 2 മുതൽ 31 വരെ രാജ്യവ്യാപകമായി നടത്തിയ സ്പെഷ്യൽ ക്യാംപെയ്ൻ ആറിന്റെ ഭാഗമായാണ് നടപടി. റെയിൽവേയുടെ വിവിധ മേഖലാ ഓഫീസുകൾ, ഡിവിഷനുകൾ, ഉൽപ്പാദന യൂണിറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ക്യാംപെയ്ൻ നടപ്പാക്കി. ആക്രി വിൽപ്പനയിലൂടെ 600 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ഇത് മറികടന്നാണ് 628.49 കോടി രൂപയുടെ വരുമാനം നേടിയത്.
ക്യാംപെയ്ന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾ, ഓഫീസുകൾ, വർക്ക്ഷോപ്പുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണം, വേർതിരിക്കൽ, ശാസ്ത്രീയമായ സംസ്കരണം എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകി.
ഇതിന്റെ ഭാഗമായി 1.50 ലക്ഷത്തിലധികം ഇ-മാലിന്യ യൂണിറ്റുകൾ നീക്കം ചെയ്തു. ഇവയുടെ സംസ്കരണത്തിലൂടെയും വിൽപ്പനയിലൂടെയും 10.43 കോടി രൂപ വരുമാനം ലഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
പഴയ ഭൗതിക, ഡിജിറ്റൽ രേഖകൾ പരിശോധിച്ച് അനാവശ്യ ഫയലുകൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ പരാതികളും അപ്പീലുകളും പാർലമെന്ററി ഉറപ്പുകളും വിഐപി പരാമർശങ്ങളും ഉൾപ്പെടെയുള്ള കെട്ടിക്കിടക്കുന്ന വിഷയങ്ങൾ തീർപ്പാക്കുന്നതിനും ക്യാംപെയ്നിലൂടെ നടപടികളെടുത്തു.
യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കുന്നതിനായി ഒക്ടോബർ 22ന് രാജ്യത്തെ 5,884 റെയിൽവേ സ്റ്റേഷനുകളിൽ ഒരേസമയം ‘റെയിൽ ജൻ സംവാദ്’ പരിപാടിയും സംഘടിപ്പിച്ചു. ശുചിത്വം ഉറപ്പാക്കുക, മാലിന്യനിർമാർജനം കാര്യക്ഷമമാക്കുക, സ്ഥലസൗകര്യം മെച്ചപ്പെടുത്തുക, ഭരണപരമായ നടപടികൾ വേഗത്തിലാക്കുക എന്നിവയായിരുന്നു ക്യാംപെയ്ന്റെ പ്രധാന ലക്ഷ്യങ്ങൾ.

