തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകം തെറ്റിദ്ധാരണയുടെ പേരിലുണ്ടായതാണെന്ന് പ്രതി മൊഴി നൽകിയതായി റിപ്പോർട്ട്. എന്നാൽ കേസിലെ പ്രതികൾ പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്നത് അന്വേഷണത്തെ സങ്കീർണമാക്കുന്നുണ്ട്.
പ്രണയബന്ധവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഒന്നാം പ്രതിയായ 17കാരൻ തന്റെ മുൻ കാമുകിയുടെ പുതിയ ബന്ധത്തിലുള്ള യുവാവിനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിനായി അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്താനായിരുന്നു ശ്രമം.
പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് അഭിരാമിനെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. അവിടെവച്ച് സുഹൃത്തിനെ വിളിച്ചുവരുത്താൻ പ്രതികൾ ആവശ്യപ്പെട്ടെങ്കിലും അഭിരാം അതിന് തയ്യാറായില്ല. തുടർന്ന് ഉണ്ടായ തർക്കത്തിനിടെ അഭിരാമിനെ മർദിക്കുകയും ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൊലപാതകത്തിനുശേഷം മൃതദേഹം ചാക്കിൽ കെട്ടി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. നവംബർ രണ്ടിനാണ് പാങ്ങപ്പാറയിലെ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
കേസിലെ നിർണായക തെളിവായ അഭിരാമിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോൺ സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചെന്നായിരുന്നു ഒന്നാം പ്രതിയുടെ മൊഴി. എന്നാൽ സമീപത്തെ കാട്ടിൽ ഉപേക്ഷിച്ചെന്നായിരുന്നു രണ്ടാം പ്രതിയായ ഉമർ നൽകിയ വിവരം. പൊലീസ് നടത്തിയ പരിശോധനയിലും ഫോൺ കണ്ടെത്താനായില്ല. കൊലപാതകത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ബെൽറ്റും അഭിരാമിന്റെ വസ്ത്രങ്ങളും വാച്ചും ഉൾപ്പെടെയുള്ളവ കണ്ടെത്താനുണ്ട്.
കേസിൽ 17കാരനായ ഒന്നാം പ്രതി, ഉമർ, അനന്ത, ഉമറിന്റെ സുഹൃത്തായ മറ്റൊരു യുവതി എന്നിവരടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിലെ ഗൂഢാലോചനയും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുകയാണ്.

