അഡ്‌ലെയ്ഡ്: പക്ഷിപ്പനി വ്യാപനം കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ സൗത്ത് ഓസ്‌ട്രേലിയയിൽ ഫ്രീ റേഞ്ച് കോഴികളെ കർഷകർ വീണ്ടും തുറന്നുവിടാൻ തുടങ്ങി. മൂന്ന് മാസം മുമ്പ് അതീവ പ്രഹരശേഷിയുള്ള എച്ച്5എൻ1 (H5N1) പക്ഷിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് കർഷകർ തങ്ങളുടെ കോഴികളെ കൂടുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നത്.
സമീപ ആഴ്ചകളിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കുറവുണ്ടായ സാഹചര്യത്തിലാണ് ചില കർഷകർ ഈ നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ തീരുമാനിച്ചത്. നിലവിൽ ഓസ്‌ട്രേലിയയിലെ വാണിജ്യാടിസ്ഥാനത്തിലുള്ള കോഴി വളർത്തൽ മേഖലയിലോ മുട്ട ഉൽപ്പാദന കേന്ദ്രങ്ങളിലോ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും രോഗവ്യാപന സാധ്യത പൂർണമായും ഒഴിഞ്ഞുപോയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നുമാണ് മൃഗസംരക്ഷണ വിദഗ്ധരുടെ മുന്നറിയിപ്പ്.

