ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ (75) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ നടക്കുന്നതിനിടെ കുഴഞ്ഞുവീണ് ഏതാനും മിനിറ്റുകൾ ബോധരഹിതനായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.
ധൻഖറിനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം അദ്ദേഹത്തെ പോലീസ് കൺട്രോൾ റൂം (പിസിആർ) വാഹനത്തിൽ വസതിയിലെത്തിച്ചു. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിലെ (ഐഎൽബിഎസ്) മെഡിക്കൽ സംഘവും എയിംസിലെ ഡോക്ടർ സന്ദീപ് സേത്തും വസതിയിലെത്തി പ്രാഥമിക ചികിത്സ നൽകി. ആരോഗ്യനിലയിൽ ആശങ്കയുണ്ടായതിനെ തുടർന്ന് ആംബുലൻസിൽ എയിംസിലേക്ക് മാറ്റുകയായിരുന്നു.
എയിംസിലെ കാർഡിയോ-ന്യൂറോ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശോധനകളും ചികിത്സയും തുടരുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആശുപത്രി അധികൃതർ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ധൻഖറിന് പലതവണ ബോധക്ഷയമുണ്ടായിട്ടുണ്ട്. 2025 മാർച്ചിൽ നെഞ്ചുവേദനയെ തുടർന്ന് എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി നടത്തിയിരുന്നു. 2025 ജൂണിൽ ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കുമയൂൺ സർവകലാശാലയുടെ സുവർണജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയും അദ്ദേഹം കുഴഞ്ഞുവീണിരുന്നു. ഈ വർഷം ജനുവരിയിൽ വസതിയിൽ ശുചിമുറിയിലേക്ക് പോകുന്നതിനിടെ രണ്ടുതവണ ബോധരഹിതനായതായും റിപ്പോർട്ടുകളുണ്ട്.
2022 ഓഗസ്റ്റിൽ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ധൻഖർ 2025 ജൂലൈ 21-നാണ് സ്ഥാനമൊഴിഞ്ഞത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

