വിക്ടോറിയ മലയാളി അസോസിയേഷൻ തർക്കത്തിൽ കോടതി ഇടപെടൽ; ജൂലൈ 13-ലെ യോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും അസാധുവാണെന്ന് മെൽബൺ മജിസ്‌ട്രേറ്റ് കോടതി

അലൻ കാക്കാത്തോട്ടത്തിൽ

മെൽബൺ: ഓസ്‌ട്രേലിയയിലെ പ്രമുഖ പ്രവാസി കൂട്ടായ്മകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയിലെ (MAV) ഭരണസമിതി തർക്കത്തിൽ സുപ്രധാന വിധിയുമായി മെൽബൺ മജിസ്‌ട്രേറ്റ് കോടതി. അലൻ കാക്കാത്തോട്ടത്തിൽ എബ്രഹാമും സഹഭാരവാഹികളും സമർപ്പിച്ച ഹർജി പരിഗണിച്ച മജിസ്‌ട്രേറ്റ് ടി. ഗ്രീൻവേ, 2025 ജൂലൈ 13-ന് പ്രസിഡന്റ് മദനൻ ചെല്ലപ്പന്റെ നേതൃത്വത്തിൽ ചേർന്ന യോഗവും അന്നത്തെ തെരഞ്ഞെടുപ്പും ഭരണഘടനാവിരുദ്ധവും അസാധുവുമാണെന്ന് പ്രഖ്യാപിച്ചു. സംഘടനയുടെ നിയമാവലിയും ജനാധിപത്യപരമായ ഭരണസംവിധാനങ്ങളും കൃത്യമായി പാലിച്ച് മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് നവംബർ 12-ന് പുറപ്പെടുവിച്ച ഈ വിധിന്യായം.

2024–2026 കാലയളവിലേക്ക് ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെ അംഗത്വ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് നീക്കം ചെയ്ത നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. അംഗത്വവും സാമ്പത്തിക ബാധ്യതകളും തമ്മിലുള്ള വ്യക്തമായ വ്യത്യാസം ചൂണ്ടിക്കാട്ടിയ കോടതി, വാർഷിക വരിസംഖ്യ കൃത്യസമയത്ത് അടച്ചില്ല എന്നതുകൊണ്ട് മാത്രം ഒരാളുടെ അംഗത്വം സ്വമേധയാ റദ്ദാകില്ലെന്ന് അസോസിയേഷന്റെ ചട്ടങ്ങൾ മുൻനിർത്തി നിരീക്ഷിച്ചു. ഇതനുസരിച്ച് അലൻ കാക്കത്തോട്ടിൽ എബ്രഹാം ഉൾപ്പെടെയുള്ള ഹർജിക്കാർ അസോസിയേഷനിലെ പൂർണ്ണ അംഗങ്ങളായി തുടർന്നിരുന്നുവെന്നും ഹർജി ഫയൽ ചെയ്യാൻ അവർക്ക് പൂർണ്ണ നിയമപരമായ അർഹതയുണ്ടെന്നും കോടതി ഉത്തരവിട്ടു. കൂടാതെ, അസോസിയേഷനിലേക്ക് മുൻകൂറായി നൽകിയ സംഭാവനകളും തുകകളും അംഗത്വ ഫീസിലേക്ക് വകയിരുത്താൻ 2025 ജൂൺ 29-ന് ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിരുന്നു എന്ന വാദവും കോടതി അംഗീകരിച്ചു.

2025 ജൂലൈ 13-ന് പ്രസിഡന്റ് പ്രത്യേകമായി വിളിച്ചുചേർത്ത ജനറൽ ബോഡി യോഗം അസോസിയേഷന്റെ ചട്ടങ്ങൾ പാലിച്ചല്ല നടന്നതെന്ന് കോടതി കണ്ടെത്തി. ഭരണസമിതി അറിയാതെയും കൃത്യമായ നോട്ടീസോ അജണ്ടയോ ഇല്ലാതെയുമാണ് യോഗം വിളിച്ചുചേർത്തതെന്നും, നിലവിലെ സമിതിയെ നീക്കം ചെയ്യുന്നതിനോ പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിനോ ഉള്ള മുൻകൂർ നോട്ടീസ് അംഗങ്ങൾക്ക് നൽകിയിരുന്നില്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു. ഭരണഘടനാപരമായ ചട്ടങ്ങൾ പാലിക്കാതെ നടത്തിയ തെരഞ്ഞെടുപ്പിലൂടെ 2025–2027 കാലയളവിലേക്ക് പുതിയ ഭാരവാഹികളായി പ്രഖ്യാപിച്ച നടപടിക്ക് നിയമപരമായ യാതൊരു സാധുതയുമില്ലെന്നും കോടതി വിധിച്ചു. ഇതിൻപ്രകാരം, ജൂലൈ 13-ലെ യോഗത്തിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളായി സ്വയം അവകാശപ്പെടുന്നതിൽനിന്ന് എതിർകക്ഷിയിലെ ഭൂരിഭാഗം അംഗങ്ങളെയും കോടതി വിലക്കുകയും,എതിർകക്ഷികൾ ഉന്നയിച്ച കൗണ്ടർ ക്ലെയിം പൂർണ്ണമായി തള്ളുകയും ചെയ്തു.

സംഘടനയുടെ സുതാര്യമായ പ്രവർത്തനവും ജനാധിപത്യപരമായ മുന്നേറ്റവും ലക്ഷ്യമിട്ട്, കൃത്യമായ വോട്ടർ പട്ടികയും അംഗത്വ രജിസ്റ്ററും പരസ്പര ധാരണയോടെ തയ്യാറാക്കാൻ കോടതി ഇരുവിഭാഗത്തോടും നിർദ്ദേശിച്ചു. സംഘടനയുടെ തുടർഭരണവും ഭാവി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും സംബന്ധിച്ച വിശദമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കക്ഷികൾക്ക് 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസിന്റെ തുടർനടപടികളും കോടതി ചെലവുകളും സംബന്ധിച്ച കാര്യങ്ങൾ പിന്നീട് പരിഗണിക്കും. സംഘടനാ ചട്ടങ്ങളും ജനാധിപത്യ മര്യാദകളും മുറുകെപ്പിടിച്ച് അസോസിയേഷനെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കാൻ വിക്ടോറിയയിലെ പ്രവാസി മലയാളി സമൂഹത്തിന് വലിയ ആശ്വാസവും ദിശാബോധവും നൽകുന്നതാണ് കോടതിയുടെ ഈ സമഗ്രമായ ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *