സോണിയ ഗാന്ധിയുടെ ആത്മകഥ സിനിമയാക്കാൻ തെലങ്കാന കോൺഗ്രസ്; നിർമ്മാണച്ചെലവ് പാർട്ടി പ്രവർത്തകരിൽനിന്ന് സമാഹരിക്കും

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) അടിസ്ഥാനമാക്കി സിനിമ നിർമിക്കാനൊരുങ്ങി തെലങ്കാന കോൺഗ്രസ്. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സോണിയ ഗാന്ധിയുടെ ജീവിതവും രാഷ്ട്രീയയാത്രയും പ്രമേയമാക്കിയാണ് സിനിമ ഒരുക്കുന്നത്.

സംഗറെഡ്ഡി മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും യോഗത്തിലാണ് ജഗ്ഗ റെഡ്ഡി സിനിമാ പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്നായിരിക്കും സിനിമയുടെ നിർമാണച്ചെലവ് വഹിക്കുക. പദ്ധതിക്കായി പുറത്തുനിന്നുള്ളവരിൽനിന്ന് പണം സ്വീകരിക്കില്ലെന്നും പാർട്ടി പ്രവർത്തകരിൽനിന്ന് തുക സമാഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഗറെഡ്ഡി മണ്ഡലം കോൺഗ്രസ് കൺവീനർ ജുലകാന്തി ആഞ്ജനേയുലു സിനിമാ നിർമാണത്തിനായി രണ്ടുകോടി രൂപ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സിനിമയുടെ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 50 അംഗ സമിതി രൂപീകരിക്കാനാണ് തീരുമാനം. ആവശ്യമായ ബജറ്റ് അന്തിമമാക്കിയശേഷം സംവിധായകനെ തിരഞ്ഞെടുക്കും. പ്രാരംഭ ഒരുക്കങ്ങൾ പൂർത്തിയായാൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെയും ടിപിസിസി അധ്യക്ഷൻ മഹേഷ് കുമാർ ഗൗഡിനെയും പങ്കെടുപ്പിച്ച് സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിക്കുമെന്നും ജഗ്ഗ റെഡ്ഡി അറിയിച്ചു. ആദ്യഘട്ടത്തിൽ തെലുങ്കിലായിരിക്കും സിനിമ നിർമിക്കുക.

ഇന്ദിരാഗാന്ധിയുടെ മരുമകളായും രാജീവ് ഗാന്ധിയുടെ ഭാര്യയായും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മാതാവായുമുള്ള സോണിയയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ സിനിമയിൽ അവതരിപ്പിക്കും. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തെത്തുടർന്നുണ്ടായ കുടുംബദുരന്തങ്ങൾ, മക്കളെ വളർത്തിയതിലെ പ്രതിസന്ധികൾ, പിന്നീട് സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം എന്നിവയും പ്രമേയമാകും. 2004-ൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതെ മൻമോഹൻ സിങ്ങിനെ നിർദേശിച്ച തീരുമാനവും സിനിമയിൽ ഉൾപ്പെടുത്തുമെന്ന് ജഗ്ഗ റെഡ്ഡി പറഞ്ഞു.

സോണിയ ഗാന്ധിയുടെ ആത്മകഥ നവംബർ 10-നാണ് പുറത്തിറങ്ങിയത്. പുസ്തകത്തിലെ പരാമർശങ്ങൾ രാഷ്ട്രീയതലത്തിൽ ചർച്ചയായിരിക്കെയാണ് സിനിമാ പ്രഖ്യാപനം. ആത്മകഥയുടെ പകർപ്പുകൾ കൂട്ടത്തോടെ വാങ്ങി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വിതരണം ചെയ്യാനും തെലങ്കാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *