ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി; വ്യാപക തിരച്ചിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ രണ്ട് സ്പെഷൽ പൊലീസ് ഓഫീസർമാരെ (എസ്പിഒ) കാണാതായി. ബുധനാഴ്ച ഉച്ചയോടെ ദച്ചൻ–മർവാ മേഖലയിലെ വനപ്രദേശത്തുവച്ചാണ് ഉദ്യോഗസ്ഥരെ കാണാതായതെന്നാണ് വിവരം. ഇവർക്കായി പൊലീസും സൈന്യവും സംയുക്തമായി വ്യാപക തിരച്ചിൽ ആരംഭിച്ചു.

റഷ്പാൽ കുമാർ (45), ബാബി ചന്ദ് (57) എന്നിവരെയാണ് കാണാതായത്. ഇരുവരും ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ (എസ്ഒജി) അംഗങ്ങളാണ്. കിയാർ ക്യാംപിൽനിന്ന് മർവാ മേഖലയിലെ ധർണയിലുള്ള സൈനിക പോസ്റ്റിലേക്ക് ഡ്യൂട്ടി മാറുന്നതിനായി യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ കാണാതായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിശ്ചിത സമയത്ത് സൈനിക പോസ്റ്റിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കാണാനില്ലെന്ന് വ്യക്തമായത്. ഇവരുടെ മൊബൈൽ ഫോണുകൾ ആദ്യം ലഭ്യമായിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആയതായും വിവരമുണ്ട്.

ഇരുവരെയും കാണാതായ സമയത്ത് ദെഹർണ വനമേഖലയിൽ വെടിയൊച്ചകൾ കേട്ടതായും പ്രദേശത്തെ മൊബൈൽ നെറ്റ്‌വർക്ക് തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ വെടിവയ്പ്പും ഉദ്യോഗസ്ഥരുടെ തിരോധാനവും തമ്മിൽ ബന്ധമുണ്ടോയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തെ തുടർന്ന് പൊലീസ്, സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിൾസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ വനമേഖലയിലും സമീപപ്രദേശങ്ങളിലും തിരച്ചിൽ ശക്തമാക്കി. ദുർഘടമായ ഭൂപ്രകൃതിയും വനമേഖലയും തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.

അതേസമയം, കിഷ്ത്വാറിലെ സംഭവത്തിന് പിന്നാലെ കുൽഗാമിൽ സിആർപിഎഫ് സംഘത്തിനു നേരെയും ആക്രമണമുണ്ടായി. ബൈക്കിലെത്തിയ അജ്ഞാതർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റിരുന്നു. ഈ സംഭവങ്ങൾക്കു പരസ്പരബന്ധമുണ്ടോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *