സിഡ്നി: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പിസ്സ ശൃംഖലയായ ഡൊമിനോസ് പിസ്സ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഡൊമിനോസ് ഫ്രാഞ്ചൈസികളിൽ മൂന്നിൽ രണ്ട് ഭാഗവും, അതായത് ഏകദേശം 400-ലധികം സ്റ്റോറുകൾ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായും ഇവ പാപ്പരത്തത്തിന്റെ വക്കിലാണെന്നും ഓസ്ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിൽപ്പനയിലുണ്ടായ കനത്ത ഇടിവും അസംസ്കൃത വസ്തുക്കൾ, വാടക, തൊഴിലാളികളുടെ വേതനം എന്നിവയിലുണ്ടായ വർദ്ധനവുമാണ് ഫ്രാഞ്ചൈസി ഉടമകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇതിനുപുറമെ, ഉപഭോക്താക്കളെ ആകർഷിക്കാൻ നൽകിയിരുന്ന സങ്കീർണ്ണമായ വിലക്കിഴിവുകളും ഓഫറുകളും സ്റ്റോറുകളുടെ ലാഭവിഹിതം ഗണ്യമായി കുറയാൻ കാരണമായി.
പ്രതിസന്ധി മറികടക്കാൻ ഡൊമിനോസ് ഗ്രൂപ്പ് സി.ഇ.ഒ ആൻഡ്രൂ ഗ്രിഗറി അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലാഭക്ഷമതയില്ലാത്ത വിലക്കിഴിവുകൾ ഒഴിവാക്കാനും, കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന ഫ്രാഞ്ചൈസികൾക്ക് മാർക്കറ്റിംഗ് ഫണ്ടിൽ നിന്നും അടിയന്തര ധനസഹായം നൽകാനും കമ്പനി തീരുമാനിച്ചു. വിൽപ്പനയിൽ കുറവുണ്ടായാലും സ്റ്റോറുകളുടെ ലാഭക്ഷമത ഉറപ്പാക്കാനാണ് ഇനി മുൻഗണന നൽകുന്നതെന്ന് കമ്പനി നേതൃത്വം വ്യക്തമാക്കി. എങ്കിലും, നികുതി കുടിശ്ശികയും കടബാധ്യതയും പെരുകിയ സാഹചര്യത്തിൽ ഡൊമിനോസിന്റെ തിരിച്ചുവരവ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

