പ്രവാസി എഴുത്തിന്റെ ലോകത്തിന് പുതിയ അംഗീകാരം; കേരളനാടും സാഹിതി ഓവർസീസും കൈകോർക്കുന്നു

ഓറഞ്ച്: പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സർഗാത്മക രചനകളിലൂടെ മലയാള ഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കുന്ന ലോകമെമ്പാടുമുള്ള പ്രവാസി എഴുത്തുകാരെ ആദരിക്കുന്നതിനായി പുതിയ സാഹിത്യപുരസ്കാര പദ്ധതിക്ക് തുടക്കമാകുന്നു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളനാട് വായനശാല ആൻഡ് മൾട്ടികൾച്ചറൽ സെന്ററും സാഹിതി ഓവർസീസും സംയുക്തമായാണ് ‘കേരളനാട് – സാഹിതി ഓവർസീസ് സാഹിത്യ സംഭാവനാ പുരസ്കാരം’ എന്ന പേരിൽ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പ്രവാസം എഴുത്തിന് അതിരുകളാകരുതെന്നും ഭൂമിശാസ്ത്രപരമായ അകലങ്ങൾ ഒരു എഴുത്തുകാരന്റെ അംഗീകാരത്തിന് തടസ്സമാകരുതെന്നുമുള്ള കാഴ്ചപ്പാടിലാണ് ഇരുസംഘടനകളും ഈ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓസ്‌ട്രേലിയൻ മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിവരുന്ന മൂന്ന് എഴുത്തുകാരെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അഡലെയ്ഡിൽ (സൗത്ത് ഓസ്‌ട്രേലിയ) നിന്നുള്ള രഞ്ജിത് മാത്യു, വിക്ടോറിയയിൽ നിന്നുള്ള ലളിത രാജ്, ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള രാജു ഇരിങ്ങൽ എന്നിവരാണ് പ്രഥമ പുരസ്കാര ജേതാക്കൾ. സാഹിതി ഓവർസീസ് ചെയർമാൻ കെ. ഉണ്ണികൃഷ്ണനും കേരളനാട് വായനശാല പ്രസിഡന്റും സാഹിതി ഓവർസീസ് ചെയർമാനുമായ സിജു ജേക്കബും ഉൾപ്പെട്ട പ്രത്യേക തിരഞ്ഞെടുപ്പ് പാനലാണ് എഴുത്തുകാരുടെ സാഹിത്യപ്രവർത്തനങ്ങളും മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകളും പരിഗണിച്ച് ജേതാക്കളെ നിശ്ചയിച്ചത്.

നവംബർ 16-ന് ഓറഞ്ച് സിവിക് തിയേറ്ററിൽ നടക്കുന്ന ‘കേരളീയം 2026’ കലാ-സാഹിത്യോത്സവത്തിന്റെ വേദിയിൽ വെച്ച് മന്ത്രി ബിന്ദു കൃഷ്ണ പുരസ്കാരങ്ങൾ സമ്മാനിക്കും. കവിത, കഥ, നോവൽ, യാത്രാവിവരണം, ലേഖനം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന ഈ പദ്ധതി, വരും വർഷങ്ങളിൽ ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക, ന്യൂസിലാൻഡ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളി എഴുത്തുകാരെ ഉൾപ്പെടുത്തി വിപുലീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവാസലോകത്തെ പുതിയ തലമുറയിൽ വായനയും എഴുത്തും വളർത്തുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലുള്ള മലയാളി എഴുത്തുകാർക്കിടയിൽ സാഹിത്യപരമായ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു.

സാഹിത്യം, വായന, സിനിമ, കല, സംസ്കാരം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്രവും ലാഭേച്ഛയില്ലാത്തതുമായ സാംസ്കാരിക സംഘടനയാണ് കേരളനാട് വായനശാല ആൻഡ് മൾട്ടികൾച്ചറൽ സെന്റർ. മലയാള ഭാഷയെയും സാഹിത്യത്തെയും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം സൗജന്യ വായനാ-സാഹിത്യ പ്രവർത്തനങ്ങളിലൂടെയും കലാപരിപാടികളിലൂടെയും ബഹുസാംസ്കാരിക സമൂഹത്തിൽ വിവിധ സംസ്കാരങ്ങളിലുള്ള മനുഷ്യരെ ഒരുമിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. പ്രവാസത്തിന്റെ അതിരുകൾക്കപ്പുറം മലയാളത്തിന്റെ അക്ഷരലോകത്തെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പുതിയൊരു സാഹിത്യാധ്യായത്തിനാണ് കേരളീയം 2026 വേദിയാകുന്നതെന്നും കൂടുതൽ വിവരങ്ങൾക്ക് keralanadu@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *