തിരുവനന്തപുരം: കണിയാപുരം ഗവൺമെന്റ് യു.പി. സ്കൂളിൽ ശിശുദിനാഘോഷവും കുളത്തൂർ ആർട്ട് വെൽനെസ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന ശില്പശാലയും സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് അജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എഴുത്തുകാരനും ആർട്ട് ഡയറക്ടറും ക്യുറേറ്ററുമായ സുനിൽ സി. ഇ. ഉദ്ഘാടനം ചെയ്തു. ചിത്രകലാ ശില്പശാല മാനേജരും പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റുമായ പനച്ചമൂട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷാജഹാൻ സ്വാഗതം ആശംസിച്ചു. ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥിയും ക്യാമ്പ് ഡയറക്ടറുമായ ആർട്ടിസ്റ്റ് വിശ്വജ്യോതി, പി. മേരി സെലിൻ ടീച്ചർ, ഷമീന ടീച്ചർ, സരിത ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി. സീന ടീച്ചർ നന്ദി പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നൂറിലധികം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.

