ലഹരിമരുന്ന് വ്യാപനം തടയാൻ അന്താരാഷ്ട്ര-അന്തർസംസ്ഥാന സഹകരണം ഉറപ്പാക്കും; മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി: കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം തടയുന്നതിന് അന്താരാഷ്ട്രതലത്തിലും അന്തർസംസ്ഥാനതലത്തിലും ശക്തമായ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ലഹരിമുക്ത ബാല്യം എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസും ഫോർത്ത് വേവ് ഫൗണ്ടേഷനും സംയുക്തമായി കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ‘ചിൽഡ്രൻ മാറ്റർ – യൂത്ത് ഡ്രഗ് പ്രിവൻഷൻ ഇൻ ദി ഡിജിറ്റൽ ഏജ്’ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സർക്കാർ അധികാരമേറ്റ് ആറുമാസത്തിനകം തന്നെ ഏറ്റവും വലിയ മുൻഗണന നൽകിയത് ലഹരിവ്യാപനം തടയുക എന്നതിനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി അധികാരത്തിൽ വന്ന ആദ്യ ആഴ്ചയിൽ തന്നെ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ശക്തമായ പദ്ധതി പ്രഖ്യാപിച്ച് നടപ്പിലാക്കി. ബോധവൽക്കരണം, നിയമനടപടി എന്നിങ്ങനെ രണ്ട് പ്രധാന ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് പോലീസ്, എക്സൈസ് വകുപ്പുകൾ ലഹരിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ മാർഗങ്ങളിലൂടെ കുട്ടികൾ ഇത്തരം ലഹരിവലയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. തുടക്കത്തിൽ പണം നൽകാതെ ലഹരി ഉപയോഗിക്കുന്ന കുട്ടികൾ പിന്നീട് ഇതിന്റെ കാരിയർമാരായി മാറുന്ന വലിയൊരു മാഫിയാ ശൃംഖലയാണ് ഇതിനുപിന്നിലുള്ളത്. ഈ വർഷം 50 പേരിൽ തുടങ്ങുന്ന ഇത്തരം ശൃംഖലകൾ അടുത്ത വർഷമാകുമ്പോഴേക്കും 5,000-ൽ അധികമായി വളരുന്നുണ്ടെന്നും, സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഈ മാഫിയയുടെ കണ്ണികളാകുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ യുഗത്തിൽ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും ഉപയോഗിച്ചാണ് ലഹരി മാഫിയകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. മുൻകാലങ്ങളിൽ ‘അഭിപ്രായസ്വാതന്ത്ര്യം’ എന്നതായിരുന്ന പ്രശ്നമെങ്കിൽ, ഡിജിറ്റൽ കാലത്ത് അത് ‘ചിന്തിക്കാനുള്ള സ്വാതന്ത്ര്യം’ പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നുവെന്ന് ജോർജ് ഓർവെല്ലിന്റെ ‘1984’ എന്ന നോവലിനെ ഉദ്ധരിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.

ലഹരിക്ക് അടിമകളായ കുട്ടികളെയും യുവജനങ്ങളെയും കൈവിടില്ലെന്നും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കാൻ ശക്തമായ പുനരധിവാസ സംവിധാനങ്ങൾ കേരളത്തിൽ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. സംസ്ഥാനത്തിന്റെ ഭാവി തലമുറയായ കുട്ടികളെ ലഹരി മാഫിയയുടെ കൈകളിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് പറഞ്ഞ അദ്ദേഹം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ചടങ്ങിൽ ഹൈബി ഈഡൻ എം.പി., യു.എൻ.ഒ.ഡി.സി. പ്രോഗ്രാം ഓഫീസർ ബില്ലി ബാറ്റ്‌വെയർ, ചിൽഡ്രൻ മാറ്റേഴ്‌സ് ഫോറം ഇന്റർനാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ എസ്പ്ജോൺ ഹോൺബർഗ്, ഫോർത്ത് വേവ് ഫൗണ്ടേഷൻ സി.സി. ജോസഫ്, എസ്.ഡി. ഷിബുലാൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *