തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളും കേരള പൊലീസിന്റെ ദൈനംദിന പ്രവൃത്തികളും ഏകോപിപ്പിച്ചുകൊണ്ടുള്ള പുതിയ ഡിജിറ്റല്‍ സംവിധാനം നിലവില്‍വന്നു. പൊതുജനങ്ങളില്‍ നിന്ന് ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ‘HM Acts’ എന്നും, പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അറിയിപ്പുകളും മന്ത്രിക്ക് തത്സമയം ലഭ്യമാക്കുന്നതിനായി ‘HOMeS’ എന്നുമാണ് പുതിയ സംവിധാനങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
ആഭ്യന്തരമന്ത്രിയുടെ ഓഫിസും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുവാനും, പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും ഈ ഡിജിറ്റല്‍ സംവിധാനം ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

