ഇടുക്കിയില്‍ ഡെങ്കിപ്പനി വ്യാപനം; അതീവ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

ഇടുക്കി: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ശാന്തന്‍പാറ മേഖലയില്‍ രോഗത്തിന്റെ പ്രാദേശിക വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ദേവികുളം, ഇളംദേശം, വെള്ളത്തൂവല്‍, കരുണാപുരം, ഇരട്ടയാര്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കേസുകളും കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

പെട്ടെന്നുണ്ടാകുന്ന ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, പേശികളിലും സന്ധികളിലുമുള്ള ശക്തമായ വേദന, ശരീരത്തിലെ ചുവന്ന പാടുകള്‍, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, അമിതമായ ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധനയും ചികിത്സയും തേടണം. കടുത്ത വയറുവേദന, തുടര്‍ച്ചയായ ഛര്‍ദ്ദി, മൂക്കിലൂടെയോ മോണയിലൂടെയോ ഉണ്ടാകുന്ന രക്തസ്രാവം, രക്തം കലര്‍ന്ന ഛര്‍ദ്ദി, കറുത്ത മലം, അമിതമായ ക്ഷീണം, അസ്വസ്ഥത, ശ്വാസംമുട്ടല്‍ എന്നിവ ഗുരുതരാവസ്ഥയുടെ സൂചനകളാകാമെന്നതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തണം. പനി കുറഞ്ഞുതുടങ്ങുന്ന ഘട്ടത്തിലും സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.

കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുകയാണ് ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിനുള്ള പ്രധാന മാര്‍ഗം. ഇതിനായി വീടിനകത്തും പുറത്തും ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണം. ബക്കറ്റുകള്‍, കുടങ്ങള്‍, ടാങ്കുകള്‍, ഡ്രമ്മുകള്‍ തുടങ്ങിയ ജലസംഭരണികള്‍ സുരക്ഷിതമായി മൂടിവയ്ക്കേണ്ടതാണ്. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകളഞ്ഞ് പാത്രത്തിന്റെ അടിഭാഗവും വശങ്ങളും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകി ഉണക്കിയശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കണം. പാത്രങ്ങളില്‍ കൊതുകിന്റെ മുട്ടകള്‍ ഒട്ടിപ്പിടിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ വെറുതെ വെള്ളം ഒഴിച്ചുകളയുന്നത് മതിയാകില്ല. ഫ്രിഡ്ജിന്റെ പിന്നിലെ ട്രേ, പൂച്ചട്ടികള്‍ക്കടിയിലെ പാത്രങ്ങള്‍, കൂളറുകള്‍, ടെറസ്, സണ്‍ഷേഡുകള്‍, മേല്‍ക്കൂരകള്‍ എന്നിവ കൃത്യമായി പരിശോധിക്കണം. ഉപയോഗശൂന്യമായ ടയറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, ടിന്നുകള്‍ എന്നിവ നീക്കം ചെയ്യുകയും മഴവെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള കുഴികളും നിര്‍മാണ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുകയും വേണം.

മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനും ഡ്രൈ ഡേ ആചരണം നിര്‍ബന്ധമാക്കാനും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, ഓടകള്‍, തോടുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ചയും ഓഫീസുകളിലും തൊഴിലിടങ്ങളിലും ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കണം. കൊതുകുകളും കൂത്താടികളും വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനായി ഈ ദിവസം പ്രയോജനപ്പെടുത്തണം.

കൊതുകുകടി ഒഴിവാക്കുന്നതിനായി ശരീരം പരമാവധി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക, കൊതുകുനിവാരണ ലേപനങ്ങള്‍ ഉപയോഗിക്കുക, ജനലുകളിലും വാതിലുകളിലും കൊതുകുവലകള്‍ സ്ഥാപിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പകല്‍സമയത്ത് വിശ്രമിക്കുന്ന കുട്ടികള്‍ക്കും രോഗികള്‍ക്കും കൊതുകുവല ഉപയോഗിക്കേണ്ടതാണ്. ഡെങ്കിപ്പനി ബാധിച്ചവര്‍ പൂര്‍ണ വിശ്രമമെടുക്കുകയും കൃത്യമായ ചികിത്സ തേടുകയും രോഗവ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ഓരോ ആഴ്ചയും പത്ത് മിനിറ്റ് മാറ്റിവെച്ച് വീടും പരിസരവും പരിശോധിച്ച് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *