ഗാസ: ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സിന്റെ റഫാ ബ്രിഗേഡ് കമാൻഡർ സമീർ അബു യൂനിസ് (53) ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് സമീപം അൽ മവാസി മേഖലയിലായിരുന്നു ആക്രമണം. ഹമാസിന്റെ സായുധ വിഭാഗം ഞായറാഴ്ചയാണ് മരണവിവരം സ്ഥിരീകരിച്ചത്.
ശനിയാഴ്ച രാത്രിയാണ് ഇസ്രയേൽ സൈന്യവും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സംയുക്തമായി ഡ്രോൺ ആക്രമണം നടത്തിയത്. ഹമാസിന്റെ സൈനിക വിഭാഗത്തിലെ മുതിർന്ന കമാൻഡറെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നെങ്കിലും ആദ്യം പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഹമാസ് വൃത്തങ്ങളാണ് കൊല്ലപ്പെട്ടത് സമീർ അബു യൂനിസാണെന്ന് സ്ഥിരീകരിച്ചത്.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അബു യൂനിസെന്ന് ഹമാസിന്റെ സൈനിക വിഭാഗം അവകാശപ്പെട്ടു. 1991ൽ അൽ ഖസ്സാം ബ്രിഗേഡ്സിൽ ചേർന്ന അദ്ദേഹം റഫാ മേഖലയിലെ വിവിധ ഉന്നത സൈനിക ചുമതലകൾ വഹിച്ചശേഷമാണ് ബ്രിഗേഡ് കമാൻഡറായത്.
ആക്രമണത്തിൽ അബു യൂനിസ് കൊല്ലപ്പെട്ടതിനു പുറമെ രണ്ടുപേർക്ക് പരിക്കേറ്റതായും വൈദ്യസഹായ വിഭാഗം അറിയിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിച്ചിരുന്ന കൂടാരത്തിന് സമീപമാണ് ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു.
2025 ഒക്ടോബറിൽ നിലവിൽവന്ന വെടിനിർത്തൽ കരാറിനുശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് പുതിയ സംഭവം. വെടിനിർത്തൽ നിലവിൽവന്നതിനുശേഷം ഗാസയിൽ 1,600ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വെടിനിർത്തൽ ലംഘിക്കുന്നുവെന്ന ആരോപണം ഇസ്രയേലും ഹമാസും പരസ്പരം ഉന്നയിക്കുന്നുണ്ട്.

