മനാമ: ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിലെ വ്യോമപ്രതിരോധ റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണശ്രമം തകർത്തതായി ബഹ്റൈൻ പ്രതിരോധ സേന. ഞായറാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ നിരവധി ഇറാനിയൻ ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായാണ് ബഹ്റൈന്റെ വിശദീകരണം.
ബഹ്റൈനിലെ അൽ റിഫാ ഹെലികോപ്റ്റർ താവളത്തിലുള്ള യുഎസ് വ്യോമപ്രതിരോധ റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ആറ് ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. അമേരിക്കയുടെ ശത്രുതാപരമായ നടപടികൾക്കുള്ള തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇറാന്റെ വിശദീകരണം.
ആക്രമണസാധ്യത കണക്കിലെടുത്ത് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പുലർച്ചെ രണ്ടുതവണ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുലർച്ചെ 4.30-ഓടെയായിരുന്നു ആദ്യ മുന്നറിയിപ്പ്. ജനങ്ങളോട് പരിഭ്രാന്തരാകാതെ അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരാനും നിർദേശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകളും സ്ഫോടനശബ്ദങ്ങളും കേട്ടതായി റിപ്പോർട്ടുകളുണ്ട്.
ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തടഞ്ഞതായും രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണ ജാഗ്രതയിലാണെന്നും ബഹ്റൈൻ പ്രതിരോധ സേന അറിയിച്ചു. ആക്രമണത്തിൽ യുഎസ് റഡാർ സംവിധാനത്തിന് നാശനഷ്ടമുണ്ടായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
മൂന്ന് ദിവസത്തിനിടെ ബഹ്റൈനിലെ യുഎസ് സൈനിക സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിത്. നവംബർ 13-ന് ബഹ്റൈനിലെ യുഎസ് മുൻകൂർ മുന്നറിയിപ്പ് റഡാർ സംവിധാനം തകർത്തതായി ഐആർജിസി അവകാശപ്പെട്ടിരുന്നു. എന്നാൽ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും പ്രധാന സൈനിക താവളവുമുള്ള രാജ്യമാണ് ബഹ്റൈൻ. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
അ

